കൽപറ്റ: വയനാടിെൻറ രാഷ്ട്രീയ ഭൂമികയിൽ ആദർശംകൊണ്ട് അടയാളപ്പെടുത്തിയ രണ്ടക്ഷരമായിരുന്നു പി.എ എന്ന് ഇന്നാട്ടുകാർ സ്നേഹപൂർവം വിളിച്ച പി.എ. മുഹമ്മദ്.
പാർലമെന്ററി വ്യാമോഹങ്ങളിലൂന്നിയ രാഷ്ട്രീയ കുതന്ത്രങ്ങളുടെയും കൃത്രിമത്വങ്ങളുടെയും ലോകത്ത് പി.എ ജീവിതത്തിലുടനീളം വേറിട്ടുനിന്നു. നിലയുറപ്പിച്ച നിലപാടുകൾക്കൊപ്പം അടിയുറച്ചുനിൽക്കുന്നതിൽ പി.എ കാണിച്ച കണിശത അപാരമായിരുന്നു.
വിശ്വസിച്ച കമ്യൂണിസ്റ്റ് ആശയങ്ങളോടൊട്ടിനിന്ന അദ്ദേഹം, പുതുകാല രാഷ്ട്രീയത്തിലും ഒരു പ്രലോഭനങ്ങൾക്കും പിടികൊടുക്കാതെ തെൻറ ശരികളിലൂടെയും ലാളിത്യത്തിലൂടെയും സഞ്ചരിച്ചു.
തൊഴിലാളികളുടെയും കര്‍ഷകരുടെയും അവകാശപ്പോരാട്ടങ്ങള്‍ക്ക് വർഷങ്ങളോളം പി.എ മുന്നിൽനിന്ന് പടനയിച്ചു. സ്വന്തം രാഷ്ട്രീയ സംഹിതകളിൽ ഉറച്ചു നില്‍ക്കുമ്പോഴും ഇതര സംഘടന നേതാക്കളോടും പ്രവർത്തകരോടുമൊക്കെ അദ്ദേഹം കാത്തുസൂക്ഷിച്ച സൗഹൃദം മാതൃകാപരമായിരുന്നു.
അധികാരക്കസേരകളിൽനിന്നകന്നു നിന്നപ്പോഴും ജില്ലയുടെ സമഗ്രവികസനത്തിനുള്ള പദ്ധതികൾക്കും വികസനങ്ങൾക്കുമായി അദ്ദേഹം നടത്തിയ ഇടപെടലുകള്‍ വയനാട് എക്കാലവും ഓർത്തുവെക്കത്തക്കതായിരുന്നു.
കണിയാമ്പറ്റ പന്തനംകുന്നൻ ആലിക്കുട്ടിയുടെയും കുഞ്ഞാമിയുടെയും മകനായി 1937ലാണ് പി.എ. മുഹമ്മദ് ജനിച്ചത്. കണിയാമ്പറ്റ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ, കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ, എന്നിവിടങ്ങളിലായിരുന്നു പഠനം. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ പി.യു.സിക്ക് ചേർന്നെങ്കിലും സാമ്പത്തിക പരാധീനത കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.
സ്കൂൾ പഠനകാലം മുതൽ തന്നെ കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന പി.എക്ക് മടക്കിമല സർവിസ് സഹകരണബാങ്കിൽ ജോലി കിട്ടിയെങ്കിലും കമ്യൂണിസ്റ്റുകാരനായതിനാൽ പിരിച്ചുവിട്ടു.
രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെ പേരിൽ വീട്ടിൽനിന്നും ബാപ്പ ഇറക്കി വിട്ടതും ഇക്കാലത്ത്. വീട് വിട്ടിറങ്ങേണ്ടി വന്നപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങളായിരുന്നു പ്രചോദനം. ജില്ലയിലെത്തിയ കമ്യൂണിസ്റ്റ് നേതാക്കളുമായുള്ള സഹവാസവും പരന്ന വായനയും പി.എയിലെ പോരാട്ടവീര്യത്തിന് ഊർജം പകർന്നു. 1958ൽ പാർട്ടി അംഗത്വം ലഭിച്ച പി.എ കർഷകസംഘം വില്ലേജ് ജോ. സെക്രട്ടറിയായാണ് പ്രവർത്തനം തുടങ്ങിയത്. 1973ൽ സി.പി.എം വയനാട് ജില്ല കമ്മിറ്റി രൂപവത്കരിച്ചപ്പോൾ സെക്രട്ടേറിയറ്റംഗമായി.
മേപ്പാടി പാലവയലിൽ പതിറ്റാണ്ടുകളായി താമസിച്ചു വരുമ്പോഴും തൊഴിലാളി സംഘടനകളും പാർട്ടിയും കെട്ടിപ്പടുക്കുന്നതിനായി ജില്ലയിലെങ്ങും ഓടിനടന്നു അദ്ദേഹം.
1958ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായതു മുതൽ 1964ൽ സി.പി.എം രൂപവത്കൃതമായ ശേഷവും നിരന്തരം പ്രസ്ഥാനത്തിനു വേണ്ടിയുള്ള പ്രവർത്തനം.
1980 ൽ ഔദ്യോഗികമായി വയനാട് ജില്ല രൂപവത്കരിക്കുന്നതിന് മുമ്പുതന്നെ 1973ൽ സി.പി.എം വയനാട് ജില്ല കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
ട്രേഡ് യൂനിയൻ രംഗത്ത് സി.ഐ.ടി.യു നേതൃത്വത്തിലുള്ള തോട്ടം തൊഴിലാളി യൂനിയെൻറ ജില്ല നേതൃത്വത്തിലുണ്ടായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥയിലടക്കം പല തവണ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. 1973 ൽ രൂപവത്കരിച്ച പാർട്ടി ജില്ല സെക്രട്ടേറിയറ്റിലെത്തി. പിന്നീട് 1982 മുതൽ പാർട്ടിയുടെ ജില്ല സെക്രട്ടറിയായും സംസ്ഥാന സമിതി അംഗമായും 2007 വരെ തുടർന്നു.
2007ൽ ജില്ല സെക്രട്ടറി പദം ഒഴിഞ്ഞെങ്കിലും 2017 വരെ സംസ്ഥാന സമിതിയംഗമായി തുടർന്നു. ഇതിനിടെ ഒരു ടേമിൽ മേപ്പാടി ഗ്രാമപഞ്ചായത്തിെൻറ പ്രസിഡന്റുമായി. 2011 ൽ കൽപറ്റ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും എം.വി. ശ്രേയാംസ് കുമാറിനോട് പരാജയപ്പെട്ടു. വൈത്തിരി പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റായി സഹകരണ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു അദ്ദേഹം.
യു.ഡി.എഫ് കോട്ടയായി വിലയിരുത്തപ്പെട്ടിരുന്ന വയനാട്ടിലെ മൂന്ന് നിയമസഭ സീറ്റുകളും നേടി 2006ൽ ഇടതു മുന്നണി ഗംഭീര വിജയം കരസ്ഥമാക്കുമ്പോൾ പി.എ. മുഹമ്മദായിരുന്നു ജില്ല സെക്രട്ടറി. ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റിത്തിരുത്തലുകൾ വരുത്താൻ അദ്ദേഹത്തിെൻറ നേതൃപാടവത്തിനും തന്ത്രങ്ങൾക്കും സാധിച്ചിട്ടുണ്ടെന്നതിൽ തർക്കമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.