കൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ ഒരുക്കങ്ങൾ സജീവമാക്കി യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ ഗാന്ധി എത്തിയില്ലെങ്കിലും പ്രചാരണ പരിപാടികളുടെ ഭാഗമായി മണ്ഡലം കൺവെൻഷനുകൾക്ക് തിങ്കളാഴ്ച തുടക്കമാകും.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള പ്രമുഖരാണ് കൺവെൻഷന് എത്തുന്നത്. രാഹുൽ ഗാന്ധി എത്തുന്നതോടെ പ്രചാരണം സജീവമാക്കാനാണ് തീരുമാനം. അതേസമയം, എൽ.ഡി.എഫ് നേരത്തേ തന്നെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും സ്ഥാനാർഥി ആനിരാജയുടെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം നടന്നുകഴിഞ്ഞു.
ശനിയാഴ്ച മുഖ്യമന്ത്രി ജില്ലയിലെത്തി വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. എൻ.ഡി.എ സ്ഥാനാർഥിയുടെ കാര്യത്തിൽ ഇതുവരേയും തീരുമാനമായിട്ടില്ല. അടുത്ത ദിവസങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. സി.പി.ഐ എം.എൽ സ്ഥാനാർഥിയായി കെ.പി. സത്യനെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസീദ അഴീക്കോട് സ്വതന്ത്ര സ്ഥാനാർഥിയാകുമെന്നും അറിയിച്ചിട്ടുണ്ട്.
കല്പറ്റ: യു.ഡി.എഫ് കല്പറ്റ, ബത്തേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ തിങ്കളാഴ്ച നടക്കും. കല്പറ്റ നിയോജക മണ്ഡലം കണ്വെന്ഷന് രാവിലെ 10ന് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. രാഹുല്‍ഗാന്ധി എം.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള കമ്മിറ്റി രൂപവത്കരണവും പ്രവര്‍ത്തനപരിപാടികളും രൂപം നല്‍കും. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് അബ്ബാസലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ ചാണ്ടി ഉമ്മന്‍, റോജി എം. ജോണ്‍, എ.പി. അനില്‍കുമാര്‍, ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്, യു.ഡി.എഫ് ജില്ല ചെയര്മാന് കെ.കെ. അഹമ്മദ്ഹാജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് രാവിലെ 10.30ന് ബത്തേരി മുനിസിപ്പല്‍ ടൗണില്‍ ഹാളില്‍ നടക്കും. മാനന്തവാടി മണ്ഡലം കണ്വെന്ഷന് മാര്‍ച്ച് 21ന് രാവിലെ 10ന് കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും.
വെള്ളമുണ്ട: എൽ.ഡി.എഫ് ബൂത്ത്തല കൺവെൻഷനുകൾ ആരംഭിച്ചു. വെള്ളമുണ്ട 122ാം ബൂത്ത് കൺവെൻഷൻ ജനതാദൾ എസ്. ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.എ. തോമസ് അധ്യക്ഷത വഹിച്ചു.. ആന്റണി മുഖ്യപ്രഭാഷണം നടത്തി. സി.വി. മജീദ്, പുത്തൂർ ഉമ്മർ, റഷീദ് ചെങ്ങൻ, കെ.പി. നിസാർ, കെ. ജയ്സിലി, രജിത ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.