കൽപറ്റ: എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് എം.പി സ്ഥാനം വീണ്ടെടുത്ത് ആദ്യമായി വയനാട് മണ്ഡലത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ വരവേൽക്കാൻ കൽപറ്റയിൽ എത്തിയത് ആയിരങ്ങൾ. ഊതിക്കാച്ചിയ പൊന്നിന്റെ തിളക്കത്തിൽ എത്തിയ രാഹുലിനെ ഹർഷാരവത്തോടെയും മുദ്രാവാക്യം വിളിച്ചും ആർപ്പുവിളികളോടെയുമാണ് വേദിയിലേക്ക് വരവേറ്റത്.
ഘോഷയാത്രയില്ലാത്തതിനാൽ ഉച്ച മുതൽ വിവിധ സംഘടകളുടെയും യൂനിയനുകളുടെയും കമ്മിറ്റികളുടെയും നേതൃത്വത്തിൽ രാഹുലിന് ജയ് വിളിച്ച് ടൗണിലൂടെ പ്രകടനം നടത്തിയാണ് സ്വീകരണവേദിയിൽ എത്തിയത്. പ്രധാനമന്ത്രിയേയും സംഘപരിവാർ അജണ്ടകളെയും എതിർക്കാനും പോരാട്ടം നടത്താനും രാഹുലിന് മാത്രമേ കഴിയൂവെന്ന് വേദിയിൽ പ്രസംഗിച്ച നേതാക്കൾ പറഞ്ഞു.
കാത്തിരുന്നവർക്ക് മുന്നിലൂടെ കൂപ്പുകൈയോടെ രാഹുൽ ഗാന്ധി വേദിയിലേക്ക് കയറി വന്നപ്പോൾ ആവേശം അണപൊട്ടി. വേദിയിലുള്ളവരെ ഹസ്തദാനം ചെയ്ത ശേഷം സദസ്സിനുനേരെ പുഞ്ചിരിയോടെ കൈകൾ വീശിയതോടെ ഹർഷാരവം മുഴങ്ങി. ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനും കെ.കെ. അഹമ്മദ് ഹാജിയും ചേർന്ന് ഹാരാർപ്പണം നടത്തി.
ഇനിയും വിശ്രമമില്ലാത്ത പോരാട്ടത്തിന് നേതൃത്വത്തിന്റെ മുൻനിരയിൽ അദ്ദേഹം ഉണ്ടാവുമെന്ന പ്രതീക്ഷയാണ് എല്ലാവരും പ്രസംഗത്തിൽ പങ്കുവെച്ചത്. വൈകിയെത്തിയതിൽ ക്ഷമാപണം നടത്തിയാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, എം.പിമാരായ കെ. മുരളീധരൻ, എം.കെ. രാഘവൻ, ജെബി മാത്യു, മുസ്ലിംലീഗ് ജില്ല സെക്രട്ടറി കെ.കെ. അഹമ്മദ്ഹാജി, സി.പി. ജോണ്‍ എം.എല്‍.എമാരായ എ.പി. അനിൽകുമാർ,സണ്ണി ജോസഫ്, ടി.സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്, യു.ഡി.എഫ് കൺവീനർ കെ.കെ. അഹമ്മദ് ഹാജി, എം.സി. സെബാസ്റ്റ്യൻ, കെ. പ്രവീണ്‍കുമാര്‍, വി. എസ്. ജോയി, മാര്ട്ടിന് ജോർജ്, ടി. മുഹമ്മദ് എന്നിവർ പങ്കെടുത്തു.
കൽപറ്റ: ഞാനെന്റെ കുടുംബത്തിലേക്ക് മടങ്ങിവന്നിരിക്കുകയാണെന്ന് വയനാട്ടിലെ ജനങ്ങളോടായി രാഹുല്‍ പറഞ്ഞു. ഒരു കുടുംബത്തിലെ രണ്ട് സഹോദരങ്ങളെ വേര്‍പിരിക്കാന്‍ ശ്രമിച്ചാല്‍, ഏതെങ്കിലുമൊരാള്‍ കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആ കുടുംബം കൂടുതല്‍ ശക്തമാകുകയും അംഗങ്ങള്‍ തമ്മിലുള്ള സ്നേഹം വര്‍ധിക്കുകയുമാണ് ചെയ്യുക.
ഞാനും നിങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുംതോറും അടുപ്പം വര്‍ധിക്കുകയാണ്. അയോഗ്യനാക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാനും വയനാടും തമ്മിലുള്ള ആഴം കൂടുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ വയനാട്ടിലെ ജനങ്ങള്‍ എന്നെ സംരക്ഷിച്ചു, സ്നേഹം തന്നു, ആദരവ് നല്കി. ആയിരം തവണ അയോഗ്യനാക്കാന്‍ ശ്രമിച്ചാലും വയനാടുമായുള്ള ബന്ധം ശക്തിപ്പെടും. കക്ഷി രാഷ്ട്രീയഭേദമെന്യെ എല്ലാവര്ക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
കൽപറ്റ: സുപ്രീംകോടതി വിധിയിലൂടെ ലോക്സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ടശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധി എം.പിക്ക് കല്പറ്റയില് ലഭിച്ചത് ഉജ്ജ്വല സ്വീകരണം. കെ.പി.സി.സി സംഘടിപ്പിച്ച പരിപാടിയിലേക്ക് ആയിരക്കണക്കിന് പ്രവർത്തകരാണ് വയനാട് ലോക്സഭ മണ്ഡലത്തിൽപെട്ട വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് ശനിയാഴ്ച ഉച്ചമുതൽ ഒഴുകിയെത്തിയത്.
തമിഴ്നാട്ടിലെ വിവിധ പരിപാടികൾക്ക് ശേഷം വൈകീട്ട് അഞ്ചരയോടെയാണ് രാഹുൽ ഗൂഡല്ലൂരിൽനിന്ന് കൽപറ്റയിലെത്തിയത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങില്‍ രാഹുൽ ഗാന്ധി നടപ്പാക്കുന്ന കൈത്താങ്ങ് പദ്ധതിയിൽ നിർമിച്ച ഒമ്പത് വീടുകളുടെ താക്കോല്‍ദാനവും നടന്നു. നിറഞ്ഞ കൈയടികളോടെയാണ് കോൺഗ്രസ് പ്രവർത്തകർ രാഹുലിനെ വരവേറ്റത്. രാഹുൽ ഗാന്ധിയുടെ വരവുമായി ബന്ധപ്പെട്ട് വൻ സുരക്ഷാക്രമീകരണങ്ങളാണ് കൽപറ്റയിൽ ഒരുക്കിയത്.
ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. വൈത്തിരി വില്ലേജ് റിസോർട്ടിലാണ് രാഹുൽ രാത്രി താമസിക്കുക. ഞായറാഴ്ച രാവിലെ 11ന് മാനന്തവാടി നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിന്റെ എച്ച്.ടി കണക്ഷൻ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. വൈകീട്ട് ആറരക്ക് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരിയിലെ കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും. രാത്രിയോടെ കരിപ്പൂരിൽനിന്ന് ഡൽഹിയിലേക്ക് മടങ്ങും.
രാഹുൽ ഗാന്ധിക്കൊരുക്കിയ സ്വീകരണം കോൺഗ്രസ് പരിപാടിയാക്കിയെന്ന് ആരോപിച്ചായിരുന്നു ലീഗ് പ്രതിഷേധം
കൽപറ്റ: എം.പി സ്ഥാനം തിരിച്ചുകിട്ടിയശേഷം ആദ്യമായി രാഹുൽ ഗാന്ധിക്ക് ഒരുക്കിയ സ്വീകരണം കോൺഗ്രസ് പരിപാടിയാക്കിയെന്നാരോപിച്ച് പ്രതിഷേധത്തിലായിരുന്ന മുസ്ലിം ലീഗിനെ അനുനയിപ്പിച്ച് കോൺഗ്രസ് നേതാക്കൾ. യു.ഡി.എഫ് ബാനറിൽ വിജയിപ്പിച്ച എം.പിക്ക് ഒരുക്കിയ സ്വീകരണം കോൺഗ്രസ് പരിപാടിയാക്കി മാറ്റിയതോടെ പ്രതിഷേധത്തിലായിരുന്നു വയനാട്ടിലെ ലീഗ് നേതാക്കളും പ്രവർത്തകരും. പരിപാടിയിൽ പങ്കെടുക്കരുതെന്നായിരുന്നു പ്രവർത്തകരുടെ പൊതുവികാരം. സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പരിപാടിയിൽ പങ്കെടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, ലീഗിനെ തഴഞ്ഞതായും പരിപാടിയിൽ പങ്കെടുക്കരുതെന്നാണ് പൊതുവികാരമെന്നും ജില്ല നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചു.
ജില്ല നേതൃത്വത്തിൽ ഭൂരിഭാഗവും ഇതിനെ അനുകൂലിക്കുകയും ചെയ്തു. അതേസമയം, സ്വീകരണം ലീഗ് ബഹിഷ്കരിക്കുകയാണെന്നറിഞ്ഞ വയനാട്ടിലെ കോൺഗ്രസ് സംസ്ഥാന നേതാവ് കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ളവരെ ബന്ധപ്പെട്ട് കെ.പി.സി.സി നടത്തുന്ന പരിപാടിയെന്ന നിലക്ക് ലീഗ് സംസ്ഥാന നേതൃത്വവുമായി ആശയവിനിമയം നടത്തി പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ലീഗ് പ്രവർത്തകരുടെ ശക്തമായ എതിർപ്പിനിടയിലും ജില്ല നേതാക്കൾ ഉൾപ്പെടെയുള്ളവർ വേദിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.