കൽപറ്റ: നിർധനർക്ക് വീടുവെച്ചുനൽകുകയെന്ന ലക്ഷ്യത്തോടെ സൈക്കിളിൽ ഇന്ത്യൻ പര്യടനം നടത്തുന്ന വയനാട് സ്വദേശികളായ റനീഷിനും നിജിനും രാഹുൽ ഗാന്ധി എം.പിയുടെ അഭിനന്ദനം. അമ്പലവയൽ സ്വദേശികളായ ഇരുവർക്കും രാഹുൽ ഗാന്ധി എം.പിയുടെ പ്രശംസാപത്രം രാജ്മോഹൻ ഉണ്ണിത്താൻ എം.പി കൈമാറി.
അഞ്ചു പാവപ്പെട്ടവർക്ക് വീടു നിർമിക്കാനായി നടത്തുന്ന യാത്രയുടെ ഭാഗമായി റനീഷും നിജിനും ഇപ്പോൾ കാസർകോടാണുള്ളത്. 'നിർധനർക്ക് വീടുകൾ പണിയുന്നതിനുള്ള ഫണ്ട് സ്വരൂപിക്കാനുള്ള നിങ്ങളുടെ മഹത്തായ ദൗത്യത്തെ ഞാൻ അഭിനന്ദിക്കുന്നു. ഈ ആവശ്യത്തിനായി നിങ്ങൾ സൈക്ലിങ് ടൂർ ആരംഭിക്കുമ്പോൾ, ആ യാത്ര മറ്റുള്ളവരിൽ മാറ്റമുണ്ടാക്കാനുള്ള പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നിങ്ങൾ ലക്ഷത്തിലധികം രൂപ സമാഹരിച്ചു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. ഈ ഉദ്യമം ആളുകളിലെ നന്മയെ ആകർഷിക്കുന്നതിൽ സന്തോഷമുണ്ട്.
സുരക്ഷിതവും സംതൃപ്തവുമായ യാത്ര ആശംസിക്കുന്നു' -രാഹുൽ ഗാന്ധി ആശംസാസന്ദേശത്തിൽ പറഞ്ഞു. ഒന്നരവർഷത്തോളം രാജ്യം ചുറ്റി സഞ്ചരിച്ച് ആളുകളിൽനിന്ന് ഒരുരൂപ വീതം സംഭാവന വാങ്ങി ലക്ഷ്യം പൂർത്തീകരിക്കാൻ ഇറങ്ങിത്തിരിച്ച ചെറുപ്പക്കാർ മത്സരങ്ങളുടെ ലോകത്തെ യഥാർഥ മനുഷ്യന്മാരാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.