കൽപറ്റ: ദിവസങ്ങളുടെ ഇടവേളക്ക് ശേഷം മഴ വീണ്ടും കനത്തു. രണ്ടു ദിവസമായി ജില്ലയിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. നദികളിലും തോടുകളിലും വെള്ളം കയറിത്തുടങ്ങി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. ജില്ലയിൽ മഴയുടെ മൂന്നിലൊന്ന് കുറവ് അനുഭവപ്പെടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നതെങ്കിലും വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
കണിയാമ്പറ്റ: ശക്തമായ മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. കണിയാമ്പറ്റ പഞ്ചായത്തിലെ സിനിമാൾ കുന്നിന്റെ സമീപത്തെ കോട്ടേക്കാരൻ മജീദിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ശനിയാഴ്ച പുലർച്ചെ തകർന്നത്. റോഡിനോട് ചേർന്നുള്ള മതിലായതിനാൽ റോഡിലേക്കും കല്ലുകൾ വീണിട്ടുണ്ട്.
പൂതാടി: ശക്തമായ മഴയിൽ വീടിനു മുകളിൽ തെങ്ങു വീണു. പൂതാടി കുഴിക്കാട്ടിൽ ജോർജിന്റെ വീടാണ് തകർന്നത്. ശനിയാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. വീട്ടിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മാനന്തവാടി: കനത്ത മഴയിലും കാറ്റിലും ചുമർ തകർന്ന് വീട് അപകടാവസ്ഥയിൽ. തിരുനെല്ലി പഞ്ചായത്തിലെ അരണപ്പാറ പള്ളിമുക്ക് മീത്തലേ വളപ്പിൽ അബ്ബാസിന്റെ വീടിന്റെ ഒരു ഭാഗത്തെ ചുമരാണ് പൂർണമായും തകർന്നത്. വീട് വിണ്ടുകീറി അപകടാവസ്ഥയിലാണ്. മൂന്നു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബമാണ് വീട്ടിൽ ഉണ്ടായിരുന്നത്. എല്ലാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റവന്യു അധികൃതർക്ക് പരാതി നൽകി.
അഞ്ചുകുന്ന്: റോഡിലേക്ക് മരം മറിഞ്ഞു വീണു. അഞ്ചുകുന്ന് ഒന്നാം മൈലിലാണ് മരം കടപുഴകി റോഡിലേക്ക് വീണത്. മരത്തോടൊപ്പം സമീപത്തെ കെ.എസ്.ഇ.ബി തൂണും റോഡിന് വിലങ്ങനെ ഒടിഞ്ഞു വീണു. ശനിയാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. മരം വീണതോടെ ഗതാഗതവും തടസ്സപ്പെട്ടു. പിന്നീട് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.