നിറഞ്ഞുകവിഞ്ഞ കബനി നദികൽപറ്റ: ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ഏഴു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 58 കുടുംബങ്ങളിലെ 214 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ചേകാടി ആള്‍ട്രനേറ്റീവ് സ്കൂള്‍, വൈത്തിരി താലൂക്കിലെ അമ്മസഹായം യു.പി സ്കൂള്‍, ജി.വി.എച്ച്.എസ്.എസ് കരിങ്കുറ്റി, കോട്ടനാട് യു.പി സ്കൂള്‍, വെങ്ങപ്പള്ളി ആര്.സി എല്‍.പി സ്കൂള്‍, മാനന്തവാടി താലൂക്കിലെ അമൃത വിദ്യാലയം, ചിറക്കൊല്ലി പൂര്‍ണിമ ക്ലബ് എന്നിവയാണ് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നത്.
വെങ്ങപ്പള്ളി തെക്കുംതറ അമ്മസഹായം യു.പി സ്കൂളിലെ ക്യാമ്പിൽ 14 കുടുംബങ്ങളിൽ നിന്നായി 66 ആളുകളുണ്ട്. ആർ.സി.എൽ.പി സ്കൂളിലെ ക്യാമ്പിൽ പത്തു കുടുംബത്തിലെ 24 പേരുമുണ്ട്.
പുൽപള്ളി: വയനാട്ടിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് കബനിയിൽ കർണാടക നിർമിച്ച ബീച്ചനഹള്ളിയിലെ അണക്കെട്ട് നിറഞ്ഞു. ഇതോടെ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുകിത്തുുടങ്ങി.
സംഭരണശേഷിയിൽ വെള്ളം എത്തിയതോടെയാണ് ഷട്ടറുകൾ പൂർണമായും തുറക്കാൻ ഡാം അതോറിറ്റി തീരുമാനിച്ചത്. കഴിഞ്ഞ ദിവസം അണക്കെട്ടിൽനിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് 70,000 ഘനഅടിയായി വർധിച്ചു. മുൻ വർഷങ്ങളിൽ ജൂലൈ ആദ്യവാരം തന്നെ അണക്കെട്ട് നിറയാറുണ്ടായിരുന്നു. വയനാട്ടിൽ മഴ കുറവായതിനെത്തുടർന്നാണ് ഇത്തവണ ആ സമയത്ത് വെള്ളം കാര്യമായി എത്താത്തത്. 19.5 ടി.എം.സി സംഭരണ ശേഷിയുള്ള അണക്കെട്ടിലേക്ക് കഴിഞ്ഞ ദിവസം 2749 ക്യൂസസ് ജലം ഒഴുകിയെത്തി.
കാവേരിയിലേക്കും ഇടതു, വലതുകര കളിലേക്കുമാണ് വെള്ളം തുറന്നുവിടുന്നത്. കാവേരി നദിജല തർക്ക ട്രൈബ്യൂണൽ അനുശാസിക്കുന്ന പ്രകാരം ജൂൺ മുതൽ സെപ്റ്റംബർ വരെ 123.14 ടി.എം.സി അടി തമിഴ്നാടിന് വിട്ടുനൽകണം. തമിഴ്നാടിനുള്ള ജലത്തിന്റെ വിഹിതവും ഇപ്പോൾ നൽകി വരുകയാണ്. കബനി നദിക്കൊപ്പം കൈവഴികളായ കന്നാരം പുഴയിലും കടമാൻതോട്ടിലും പനമരം പുഴയിലുമടക്കം ജലനിരപ്പ് വർധിച്ചിട്ടുണ്ട്. ശക്തമായ മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്നത്.
മാനന്തവാടി: മഴയിൽ പാലം തകർന്നതിനെ തുടർന്ന് ഗതാഗതം നിലച്ചു. മാനന്തവാടി കുളത്താട റോഡിൽ മുതിരേരിയിലാണ് നിർമാണത്തിലുള്ള പാലത്തിന്റെ സംരക്ഷണഭിത്തി തകർന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് ഈ പാലത്തിന്റെ സംരക്ഷണഭിത്തി തകരുന്നത്. ഊരാളുങ്കൽ സൊസൈറ്റിയാണ് റോഡിന്റെയും പാലത്തിന്റെയും നിർമാണം നടത്തുന്നത്.
സംരക്ഷണഭിത്തി തകർന്നതോടെ നിത്യേന യാത്രചെയ്യുന്ന വിദ്യാർഥികളടക്കമുള്ള യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. പേര്യ ചുരം രണ്ടാം വളവിൽ മരം വീണ് ഗതാഗതം നിലച്ചു. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് മരം വീണത്. പേരാവൂരിൽനിന്നും എത്തിയ അഗ്നിരക്ഷാ യൂനിറ്റ് എത്തി മരം മുറിച്ച് നീക്കി. മഴ കുറഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഇറങ്ങിത്തുടങ്ങി. ബീച്ചനഹള്ളി ഡാം തുറന്നതാണ് ജലനിരപ്പ് താഴാൻ കാരണം.
പുൽപള്ളി: ശക്തമായ നീരൊഴുക്കിനെത്തുടർന്ന് കബനി നദിയിലെ പെരിക്കല്ലൂർ, മരക്കടവ് എന്നിവിടങ്ങളിലെ തോണി സർവിസ് താൽക്കാലികമായി നിർത്തിവച്ചു. പുഴയിൽ ജലനിരപ്പ് ഉയർന്നതും ബീച്ചനഹള്ളി ഡാം തുറന്നതോടെയും വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചതോടെയാണ് അധികൃതർ തോണി സർവിസ് നിർത്തിവെക്കാൻ നിർദേശം നൽകിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കബനിയിൽ ജലനിരപ്പ് ഉയരുകയാണ്. വനത്തിനുള്ളിലൂടെ പുഴ കടന്നുവരുന്നതിനാൽ വൻ മരങ്ങൾ കടപുഴകി പുഴയിലേക്ക് വീഴുന്നുണ്ട്. ഇത്തരത്തിൽ ഒഴുകി വരുന്ന മരങ്ങളും തോണി സർവിസിന് ഭീഷണിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.