ചലനശേഷി നഷ്ടമായ ബിബിനെ പട്ടികവർഗ ഓഫിസർ സന്ദർശിക്കണം -മനുഷ്യാവകാശ കമീഷൻ

കൽപറ്റ: വീഴ്ചയിൽ നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ചലനശേഷി നഷ്ടപ്പെട്ട അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ബിബിൻ ബാബുവിനെ (22) സന്ദർശിച്ച് അദ്ദേഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി കമീഷനെ അറിയിക്കാൻ പട്ടികവർഗ ഓഫിസറോട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു.

സുൽത്താൻ ബത്തേരി പട്ടികവർഗ വികസന ഓഫിസർക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. വയനാട് ജില്ല കലക്ടർ, ബിബിന് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കണം. പട്ടികവർഗക്കാർക്ക് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ നൽകുന്നതിനുമുമ്പ് ബിബിന്റെ ആവശ്യങ്ങൾ മനസ്സിലാക്കണം. ജില്ല കലക്ടറും പട്ടികവർഗ വികസന ഓഫിസറും 15 ദിവസത്തിനകം കമീഷന് റിപ്പോർട്ട് സമർപ്പിക്കണം.

ഏപ്രിൽ 28ന് കൽപറ്റ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ നിർദേശിച്ചു. തോമാട്ടുചാൽ സ്കൂളിൽ പഠിക്കുമ്പോഴാണ് ബിബിന് അപകടമുണ്ടായത്. ആറു വർഷമായി കോഴിക്കോട് മെഡിക്കൽ കോളജിലും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്. കടം വാങ്ങിയും കൂട്ടുകാരിൽ നിന്നുള്ള സഹായവുംകൊണ്ടാണ് ചികിത്സ നടത്തുന്നത്.

ചികിത്സക്ക് വേണ്ടി മേപ്പാടിയിലെ ആശുപത്രിക്ക് സമീപമുള്ള ഒറ്റമുറിയിലാണ് ബിബിൻ താമസിക്കുന്നത്. ലൈഫ് പദ്ധതിയിൽനിന്ന് വീട് അനുവദിച്ചെങ്കിലും അച്ഛന്റെ പേരിലുള്ള സ്ഥലത്തിന് വഴിസൗകര്യമില്ല. തനിക്ക് ഒരു ലാപ്ടോപ്പും വീൽചെയറും കിട്ടിയാൽ പഠനം തുടരാനാകുമെന്നും ബിബിൻ പരാതിയിൽ പറയുന്നു.

Tags:    
News Summary - ST officer should visit Bibin who has lost mobility - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.