കൽപറ്റ: കാലവർഷം ആരംഭിച്ച് രണ്ടുമാസം പിന്നിട്ടിട്ടും മഴയില്ലാതെ ജില്ല. സംസ്ഥാനത്ത് ഏറ്റവും മഴക്കുറവുള്ള ജില്ലകളിലൊന്നാണ് വയനാട്. മഴ കിട്ടാതായതോടെ നെൽ കർഷകരടക്കം പ്രതിസന്ധിയിലായി. ജൂലൈ മാസത്തിൽ കുറച്ചു ദിവസമാണ് ജില്ലയിൽ ശക്തമായ മഴ ലഭിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 13 വരെ 54 ശതമാനം മഴയുടെ കുറവാണ് ഉണ്ടായത്.
ഈ കാലയളവിൽ 894.2 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. മഴ കുറഞ്ഞത് കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നു. പൊതുവേ മഴക്കുറവ് കിട്ടുന്ന പുൽപള്ളി, മുള്ളൻക്കൊല്ലി, പൂതാടി മേഖലകളെയാണ് ഇത് സാരമായി ബാധിക്കുക. നൂൽപ്പുഴ പഞ്ചായത്തിലെ തകരപ്പാടി പാടശേഖരത്തിലെ ഏക്കർ കണക്കിനുള്ള നെൽവയലുകളിൽ ഇതുവരെ നാട്ടിപ്പണി പൂർത്തിയായിട്ടില്ല. കാലവർഷം തെറ്റി പെയ്തതാണ് കൃഷിപ്പണി വൈകാൻ ഇടയാക്കിയത്. പലരും വെള്ളം പമ്പ് ചെയ്ത് ചളിയാക്കിയാണ് നാട്ടിപ്പണി ചെയ്യുന്നത്.
വെള്ളം ഇല്ലാതെ ഞാറ്റു പാടങ്ങൾ വരണ്ടു കിടക്കുകയാണ്. മഴ കിട്ടിയില്ലെങ്കിൽ ഇവ ഉണങ്ങിപ്പോകുമെന്ന ആശങ്കയിലാണ് കർഷകർ. സുൽത്താൻ ബത്തേരി തിരുനെല്ലിയിൽ നാട്ടിപ്പണിയുടെ ഭാഗമായി കർഷകർ ഒരുക്കിയ വയൽ വരമ്പുകൾ കാട്ടുപന്നികൾ കൂട്ടത്തോടെ നശിപ്പിക്കുന്നതും കർഷകരെ പ്രയാസത്തിലാക്കുന്നു. വരമ്പ് നശിപ്പിക്കുന്നതിനാൽ വെള്ളം കെട്ടിനിർത്താൻ കഴിയാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.