കൽപറ്റ: ഇന്ധന വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഗിയര്‍ മാറ്റുന്ന വാഹന ഉടമകള്‍ക്ക് പിന്തുണയുമായി കെ.എസ്.ഇ.ബിയുടെ അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍. ഇലക്ട്രിക് വാഹനങ്ങള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നതിനായി രണ്ട് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ജില്ലയില്‍ പ്രവര്‍ത്തന സജ്ജമായി.
വൈത്തിരി സെക്ഷന്‍ ഓഫിസ് പരിസരം, പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടക്കും. 25 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്‌റ്റേഷനുകളും പ്രവര്‍ത്തന സജ്ജമാകും.
ആകെ 27 സ്ഥലങ്ങളിലായി വിപുലമായ ചാര്‍ജിങ് ശൃംഖലയാണ് ജില്ലയില്‍ കെ.എസ്.ഇ.ബി യുടെ ഉടമസ്ഥതയില്‍ സ്ഥാപിതമാകുന്നത്. 2022ല്‍ നിര്‍മാണം പൂര്‍ത്തിയായ 462 കിലോ വാട്ട് ശേഷിയുള്ള 30 സൗരനിലയങ്ങളും ഇതോടൊപ്പം നാടിന് സമര്‍പ്പിക്കും.
ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാവുന്നതാണ് അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍. വ്യത്യസ്ത കിലോ വാട്ട് ശേഷിയുളള മൂന്ന് അതിവേഗ ചാര്‍ജിങ് സംവിധാനമാണ് ഓരോ കേന്ദ്രത്തിലും സ്ഥാപിച്ചിരിക്കുന്നത്.
വലിയ വാഹനങ്ങള്‍ക്ക് 60 കിലോ വാട്ട് ശേഷിയുളള യൂനിറ്റും കാറുള്‍പ്പടെയുളള ഇടത്തരം വാഹനങ്ങള്‍ക്ക് 21 കിലോവാട്ട് ശേഷിയുളള ഒരു യൂനിറ്റും ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയക്കായി 10 കിലോവാട്ട് ശേഷിയുളള യൂനിറ്റുമാണ് തയാറാക്കിയിട്ടുളളത്.
പ്രീ പെയ്ഡ് ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിന് ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം. ഡിജിറ്റല്‍ ബോര്‍ഡില്‍ വിവരങ്ങള്‍ ലഭ്യമാകും. ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തുന്ന ഉപഭോക്താവിന് സംസ്ഥാനത്തെ ഏത് കെ.എസ്.ഇ.ബി സ്റ്റേഷനുകളില്‍ നിന്നും ചാര്‍ജ് ചെയ്യാം.
ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 25 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സെന്ററുകളാണ് ജില്ലയില്‍ ഇതിനുപുറമെ സ്ഥാപിച്ചത്. പ്രീ പെയ്ഡ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കൃത്യസ്ഥലം അറിയാനും ചാര്‍ജിങ്ങിന് ശേഷം പണമിടപാട് നടത്താനും കഴിയും.
ടൂ വീലറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ബാറ്ററിയുടെ ശേഷി അനുസരിച്ച് ചാര്‍ജ് ചെയ്യാം. 20 ലക്ഷം വീതമാണ് ഓരോ ചാര്‍ജിങ് സ്‌റ്റേഷനുമുള്ള നിർമാണ ചെലവ്. പോള്‍ മൗണ്‍ഡ് ചാര്‍ജിങ് സെന്ററുകള്‍ക്ക് ഒന്നിന് 60,000 രൂപ വീതം ആകെ 15 ലക്ഷം ചെലവഴിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഗതാഗത വകുപ്പു വഴി ലഭ്യമാക്കിയ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നവംബര്‍ ഒന്നിന് വൈകീട്ട് 3.30ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു മുഖ്യാതിഥിയാകും. വൈത്തിരി സെക്ഷൻ ഓഫിസ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
പരിസ്ഥിതി മലിനീകരണം കുറക്കുക, ഊര്‍ജ സുരക്ഷ ഉറപ്പാക്കുക, ഇന്ധന വില വര്‍ധന മൂലമുള്ള പ്രയാസം ഗണ്യമായി കുറക്കുക എന്നിവ ലക്ഷ്യം വെച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഇ-വെഹിക്കിള്‍ നയം പ്രഖ്യാപിച്ചത്.
വെദ്യുതി വാഹനങ്ങളുടെ ഉപയോഗത്തിനും വിപണിക്കും മതിയായ ചാര്‍ജിങ് സ്റ്റേഷന്‍ ശൃംഖല അനിവാര്യമാണ്. ഇതിനായി നോഡല്‍ ഏജന്‍സിയായ കെ.എസ്.ഇ.ബി സംസ്ഥാനത്തുടനീളം മതിയായ തോതില്‍ ചാര്‍ജിങ് സ്റ്റേഷന്‍ ശൃംഖല സ്ഥാപിക്കാൻ നടപടി സ്വീകരിച്ചുവരുന്നുണ്ട്.
ആഭ്യന്തര ഊര്‍ജ ഉൽപാദനം വര്‍ധിപ്പിക്കുന്നതിനും ഹരിതോര്‍ജം പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന സൗരോര്‍ജ നിലയങ്ങള്‍ ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാറും കെ.എസ്.ഇ.ബി ലിമിറ്റഡും സംയുക്തമായി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.