കാവുംമന്ദം മൈത്രിനഗര്‍ കോളനി

കമ്പനിക്കുന്ന്, മൈത്രിനഗര്‍ കോളനികൾ; പുനരധിവാസം എങ്ങുമെത്തിയില്ല

കാവുംമന്ദം: കാവുംമന്ദം കമ്പനിക്കുന്ന്, മൈത്രിനഗര്‍ കോളനിവാസികളുടെ പുനരധിവാസം അനന്തമായി നീളുമ്പോൾ, ഉരുൾപൊട്ടൽ ഭീഷണിയുള്ള ഭൂമിയിൽതന്നെ ജീവിതം തള്ളിനീക്കുകയാണ് 20 കുടുംബങ്ങൾ. തരിയോട് പഞ്ചായത്തിലെ 12ാം വാർഡിലാണ് കോളനികൾ. 2019ലെ പ്രളയത്തിൽ സമീപത്തെ കുന്നുകൾ വ്യാപകമായി ഇടിഞ്ഞിരുന്നു. പരിശോധനയിൽ ഭൂമി വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതോടെയാണ് ഇവിടെ താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചത്.

33 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഈ കുടുംബങ്ങളുടെ പുനരധിവാസത്തിനായി തരിയോട് പഞ്ചായത്ത് പദ്ധതി തയാറാക്കി. ഇതിനിടെ പ്രദേശത്തെ 13 ജനറല്‍ കുടുംബങ്ങള്‍ സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപ വാങ്ങി സ്വന്തം നിലയിൽ സ്ഥലം കണ്ടെത്തി വീട് നിർമിച്ചു. എന്നാല്‍, ബാക്കിയുള്ള 20 ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വെക്കാനുള്ള സ്ഥലം പഞ്ചായത്ത് തന്നെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തി.

ഇതിനിടെ പഞ്ചായത്ത് കണ്ടെത്തിയ സ്ഥലത്തിന് വില കൂടുതലാണെന്ന്​ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഈ സ്ഥലം ഏറ്റെടുക്കുന്നത് ഉപേക്ഷിച്ചു. തുടര്‍ന്ന് ഇവര്‍ക്ക് സ്ഥലം കണ്ടെത്താനായി ജനകീയ കമ്മിറ്റി പഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തില്‍ രൂപവത്കരിച്ചു.

രണ്ടേക്കര്‍ വരെയുള്ള സ്ഥലങ്ങളുടെ ഉടമകളില്‍നിന്ന് ഇതിനായി അപേക്ഷകള്‍ ക്ഷണിച്ചു. 28 അപേക്ഷകളാണ് ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് ലഭിച്ചത്. ജനകീയ സമിതി പരിശോധിച്ചതി​െൻറ അടിസ്ഥാനത്തില്‍ നാല് സ്ഥലങ്ങള്‍ അനുയോജ്യമാണെന്ന് കണ്ടെത്തി. രണ്ട് സ്ഥലങ്ങള്‍ വനത്തിനോട് ചേര്‍ന്നാണ് എന്നുള്ളതിനാല്‍ ഒഴിവാക്കി. തുടര്‍ന്ന് കാവുംമന്ദം ടൗണില്‍ നിന്നു അരക്കിലോമീറ്റര്‍ ദൂരത്തുള്ള രണ്ട് സ്ഥലങ്ങളില്‍ ഒന്ന് വിലകൊടുത്ത് വാങ്ങിക്കാനുള്ള തീരുമാനത്തിലേക്ക് കമ്മിറ്റിയെത്തി. സ്ഥലമുടകളുമായി വിലയുടെ കാര്യത്തില്‍ ചര്‍ച്ച നടത്തുകയും ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെ വിലകൊടുത്ത് വാങ്ങാനും തീരുമാനിച്ചു. 69 ലക്ഷം രൂപക്കാണ് കച്ചവടം ഉറപ്പിച്ചത്.

ഇതംഗീകരിച്ച് 20 കുടുംബങ്ങള്‍ക്കും ഏഴേ മുക്കാല്‍ സെൻറ് സ്ഥലം വീതം എഗ്രിമെൻറ് ചെയ്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി വില്ലേജില്‍ എത്തിച്ചതാണ്. എന്നാല്‍, തൊട്ടടുത്തുള്ള സ്ഥലമുടമ ഇതിലേക്കുള്ള വഴി തങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെന്നുകാണിച്ച് കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയതോടെ ഏറ്റെടുപ്പ് നടപടികൾ പ്രതിസന്ധിയിലായി. കോടതിയെ സമീപിച്ച് നിയമക്കുരുക്ക് മറികടക്കാൻ ജനകീയ സമിതി ശ്രമം നടത്തുന്നുണ്ട്. എന്നാൽ, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുന്നില്ലെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.

നിലവിൽ കണ്ടെത്തിയ സ്ഥലം തന്നെ മതിയെന്നാണ് കോളനിവാസികളും പറയുന്നത്. പ്രശ്‌നത്തിന് അടിയന്തര പരിഹാരം കണ്ട് തങ്ങള്‍ക്കായി കണ്ടെത്തിയ സ്ഥലത്ത് അടുത്ത മഴക്കാലത്തിന് മുമ്പെങ്കിലും വീടുവെച്ച് കൂടാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് കോളനിവാസികളുടെ ആവശ്യം. അല്ലാത്തപക്ഷം സമരങ്ങളിലേക്ക് തങ്ങള്‍ കടക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

Tags:    
News Summary - kambanikkunnu, kavumantham Maithrinagar Colony; Rehabilitation not started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.