കൽപറ്റ: കാരാപ്പുഴ ഡാം വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് തകർന്ന് തരിപ്പണമായത് സഞ്ചാരികൾക്കും നാട്ടുകാർക്കും ദുരിതം വിതക്കുന്നു. വിനോദ കേന്ദ്രത്തിലേക്കുള്ള വഴി കുണ്ടുംകുഴിയുമായതോടെ വിനോദത്തിന് പകരം വിഷമം അനുഭവിക്കേണ്ട ഗതികേടിലാണ് സഞ്ചാരികൾ. കാരാപ്പുഴ - കാക്കവയൽ റോഡ് തകർന്നിട്ട് മാസങ്ങളായെങ്കിലും നന്നാക്കാൻ നടപടികളൊന്നുമായിട്ടില്ല. ദിനേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ കുഴികളിലകപ്പെട്ട് അപകടങ്ങളും പതിവാണ്. ജലസേചന വകുപ്പിന് കീഴിലുള്ള കാരാപ്പുഴ-കാക്കവയൽ 12 കിലോമീറ്റർ റോഡാണ് കുഴികൾ നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായത്. ഓരോ മഴക്ക് ശേഷവും അറ്റകുറ്റപ്പണികൾ നടത്തുമെങ്കിലും മഴ ശക്തമായാൽ വീണ്ടും റോഡ് തോടാകും. റോഡ് പൂർണമായി ടാർ ചെയ്തിട്ട് പത്തുവർഷത്തോളമായി.
കാക്കവയൽ-കാരാപ്പുഴ ഭാഗത്താണ് റോഡ് കൂടുതൽ തകർന്നത്. ഈ റോഡിലെ 27 വലിയ കുഴികളും നൂറോളം ചെറുകുഴികളും മൂന്ന് വെള്ളക്കെട്ടുകളും താണ്ടിവേണം കാരാപ്പുഴയിലേക്കും തിരിച്ചും സഞ്ചരിക്കാൻ. ചെറുവാഹനങ്ങളിലടക്കം സഞ്ചരിക്കുന്നവരുടെ നടുവൊടിയുന്ന അവസ്ഥയാണ്. ഓവുചാലുകൾ ഇല്ലാത്ത ഭാഗങ്ങളിലാണ് വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുള്ളത്. റോഡിന്റെ വീതി കൂട്ടാനുള്ള സർവേ നടപടികൾ ആരംഭിച്ചെങ്കിലും എങ്ങുമെത്തിയില്ല. റോഡിന് സമീപത്ത് കോടികൾ ചെലവഴിച്ച് നിർമിച്ച പാലവും അനുബന്ധ റോഡും നോക്കുകുത്തിയായി കിടക്കുകയാണ്. കാരാപ്പുഴ ടൂറിസം പദ്ധതിയിൽനിന്ന് മികച്ച വരുമാനം ലഭിക്കുമ്പോഴും വിനോദസഞ്ചാരികൾക്ക് വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കുന്നില്ല എന്ന പരാതിയും ശക്തമാണ്. വിനോദ കേന്ദ്രത്തിലെത്താനും തിരികെ പോവാനും സഞ്ചാരികൾ പ്രയാസപ്പെടുന്നത് പതിവ് കാഴ്ചയായി. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയുണ്ടാവാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ കുഴികളിൽ വാഴ നട്ടു. നവീകരണം ആവശ്യപ്പെട്ട് നാട്ടുകാർ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകിയിരുന്നു. ഏറെ വരുമാനം ലഭിക്കുന്ന വിനോദ കേന്ദ്രത്തിലേക്കുള്ള റോഡാണ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.