വെള്ളമുണ്ട: അധ്യാപനത്തിനൊപ്പം ശബ്ദ ഗാംഭീര്യംകൊണ്ടും സ്വരവിന്യാസത്തിലെ ആരോഹണാവരോഹണങ്ങൾകൊണ്ടും എണ്ണമറ്റ റേഡിയോ നാടകങ്ങളിലൂടെ അഞ്ചര പതിറ്റാണ്ടുകാലം ഗ്രാമ ഭവനങ്ങളിലെ രാത്രികളെ സജീവമാക്കിയ കരുണാകരൻ ചെറുകര 83െൻറ നിറവിലും നിറചിരിയുമായി വ്യത്യസ്തനാവുന്നു. കോഴിക്കോട് റേഡിയോ നിലയത്തിലെ എ ക്ലാസ് ആർട്ടിസ്റ്റ് ആയ കരുണാകരൻ ചെറുകര വെള്ളമുണ്ട എ.യു.പി സ്കൂളിലെ ആദ്യകാല അധ്യാപകരിലൊരാളാണ്.
ദൃശ്യമാധ്യമങ്ങൾ സജീവമാകുന്നതിനു മുമ്പേ റേഡിയോയിലെ അദൃശ്യ ശബ്ദ സാന്നിധ്യംകൊണ്ട് അരനൂറ്റാണ്ടിലേറെ കാലം കരുണാകരൻ ചെറുകര സജീവമായിരുന്നു. സ്കൂൾ കലാമേളകളിലും കായിക മത്സരവേദികളിലും ഈ ഘനഗാംഭീര്യ സ്വരം അടുത്തകാലം വരെ കാതുകൾകൊണ്ടറിഞ്ഞവരാണ് ഏറെയും. വയനാടിെൻറ ഗതകാല പുരാവൃത്തങ്ങൾ ഇത്രമേൽ ഹൃദിസ്ഥമായ മറ്റൊരാൾ അധികമുണ്ടാവില്ല. ഇദ്ദേഹത്തിെൻറ ക്ലാസ് മുറികളിലൂടെ അറിവുതേടി കടന്നുപോയ തലമുറകളുടെ എണ്ണവും നിരവധിയാണ്.
ചെറുകര നായർ തറവാട്ടിൽ ശങ്കരൻ എന്ന മൂപ്പിൽ നായരുടെയും ആലഞ്ചേരി തറവാട്ടിലെ കല്യാണിയമ്മയുടെയും മകനായി 1932ൽ ജനനം. പ്രഗല്ഭനായ അധ്യാപകനും അരങ്ങിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന നടനുമായ അദ്ദേഹം വെള്ളമുണ്ട എ.യു.പിയിലെ എ.കെ.എൻ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. പാലക്കാട്ടെ അധ്യാപന പരിശീലന കാലമാണ് കലാരംഗത്തേക്കുള്ള അരങ്ങേറ്റത്തിനു നിമിത്തമായത്. പിൽക്കാലത്ത് ജി. ശങ്കരപ്പിള്ളയുടെയും സി.എൻ. ശ്രീകണ്ഠൻ നായരുടെയും നാടകക്കളരികളിലെ ശിക്ഷണം വഴിത്തിരിവായി.
1962 മുതലാണ് റേഡിയോ നാടകങ്ങളിൽ ശബ്ദ സാന്നിധ്യമായി ഈ അധ്യാപകൻ പ്രത്യക്ഷനായത്. ഇരുനൂറിലേറെ നാടകങ്ങളിൽ തെൻറ അനുഗൃഹീത ശബ്ദ സാന്നിധ്യമുണ്ടായി. 2017 സെപ്റ്റംബർ വരെ അഞ്ചരപ്പതിറ്റാണ്ടു നീണ്ടുനിന്നു ആ ശബ്ദഘോഷം. 83ാം വയസ്സിൽ ചെറുകരയിലെ ശ്രീനിലയത്തിൽ ഭാര്യ പത്മാവതിയമ്മക്കും ഇളയ മകൾ ഭാവനക്കുമൊപ്പം വിശ്രമ ജീവിതത്തിലാണ് കരുണാകരൻ മാസ്റ്റർ. വംശനാശം വന്നുകൊണ്ടിരിക്കുന്ന ആയുർവേദ മരുന്നു ചെടികളെ നട്ടുവളർത്തി സംരക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.