കെല്ലൂർ: 140 വർഷത്തെ വിദ്യാഭ്യാസ പാരമ്പര്യമുള്ള കെല്ലൂർ ഗവ.എൽ.പി സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കെല്ലൂർ ഗവൺമെന്റ് എൽ.പി സ്കൂൾ സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നാക്കം നിൽക്കുന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. വർഷങ്ങളായി ഇതു സംബന്ധിച്ച് പല നിവേദനങ്ങളും മാറി വന്ന സർക്കാറുകൾക്കു നൽകിയെങ്കിലും നടപടിയുണ്ടായില്ല. മൂന്ന് തലമുറ പഠിച്ചു പോയ വയനാട്ടിലെ ആദ്യ സർക്കാർ സ്കൂളുകളിലൊന്നാണിത്. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പലതിലും കുട്ടികളുടെ എണ്ണം വർഷംതോറും കുറയുന്ന സാഹചര്യമാണെങ്കിൽ കെല്ലൂർ ഗവ. എൽ.പി സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിന് ഉദാഹരണമാണ് 2024 - 25 അധ്യയന വർഷം സ്കൂളിൽ ഒരു ഡിവിഷൻ അധികമായി ഔദ്യോഗികമായി തസ്തിക നിർണയത്തിൽ അനുവദിച്ചു കിട്ടിയത്.
യു.പി സ്കൂളായി ഉയർത്തുന്നതിന് ആവശ്യമായ സ്ഥലം, കെട്ടിട സൗകര്യങ്ങൾ, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്. കെല്ലൂർ ഗവ. എൽ.പി സ്കൂൾ അപ്പർ പ്രൈമറി വിഭാഗം അനുവദിച്ച് സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനും ഉള്ള പരിശ്രമങ്ങൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ ജനകീയ കർമസമിതി രൂപവത്കരിച്ച് നടന്നു വരുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്കൂൾ സ്ഥിതി ചെയ്യുന്ന കെല്ലൂർ പ്രദേശത്തെ ജനകീയ സമിതി മുഖേന ഒപ്പുശേഖരണം നടത്തി. ആദിവാസി ന്യൂന പക്ഷ വിഭാഗങ്ങളിലെ കുഞ്ഞുങ്ങളാണ് ഇവിടെ ഏറെയും പഠിക്കുന്നത്. സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനകീയസമിതിയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.