കൊല്ലം: കുപ്പിവള പൊട്ടി കൈത്തണ്ടയിൽ തുളഞ്ഞുകയറി രക്തം കിനിഞ്ഞിട്ടും ഇശലിൽ ഇടറാതെ പാട്ടു പൂർത്തിയാക്കി മിൻഹ ഫാത്തിമ. വയനാട് പിണങ്ങോട് ഡബ്ല്യു.എച്ച്.എസ്.എസ് ഒപ്പന സംഘത്തിലെ പ്രധാന ഗായികയാണ് മിൻഹ. ഒപ്പന കളിക്കുന്നവർക്കൊപ്പംതന്നെ പാട്ടുസംഘം കൈകൊട്ടി പാടണം. കളിക്കാരുടെ താളവും മുറുക്കവും ഗായകരുടെ പാട്ടിനനുസരിച്ചാണ്.
ഇത്തരത്തിൽ പിണങ്ങോട് ടീമിന്റെ ഒപ്പന അവസാനത്തിലേക്ക് കടക്കുന്നതിനിടെയാണ് കുപ്പിവള പൊട്ടി മിൻഹയുടെ കൈയിൽ തുളച്ചുകയറിയത്. ചോര പൊടിഞ്ഞിട്ടും അടുത്തുനിന്ന സഹഗായികമാർ പോലും ഇക്കാര്യം അറിഞ്ഞില്ല. വേദന കടിച്ചമർത്തിയാണ് പാട്ടു പൂർത്തിയാക്കിയത്.
മത്സരം കഴിഞ്ഞശേഷം ആരോഗ്യ പ്രവർത്തകരെത്തിയാണ് കൈയിൽനിന്ന് വളക്കഷണം നീക്കിയത്. മത്സരം തുടങ്ങി അൽപസമയത്തിനിടെ ടീമംഗങ്ങളിൽ ഒരാളുടെ കമ്മൽ സ്റ്റേജിലേക്ക് പൊട്ടിവീണിരുന്നു. ചുവടുവെക്കുന്നത് ഈ പൊട്ടിവീണ കമ്മലിലേക്കാണെങ്കിൽ പരിക്ക് ഉറപ്പ്. ആശങ്കയോടെയാണ് സദസ്സ് ആദ്യവസാനം ഇതു കണ്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.