വൈത്തിരി: ചുരത്തിലെ നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലെത്തി. രണ്ടിടത്തെ സുരക്ഷ ഭിത്തിയുടെ നിർമാണവും രണ്ടിടങ്ങളിലായി 500 മീറ്ററോളം ടാറിങ്ങും ഏതാനും സ്ഥലങ്ങളിൽ ഓവുചാലുകളുടെ പ്രവൃത്തികളും മാത്രമാണ് ഇനി ബാക്കിയുള്ളത്.
ചുരത്തിലൂടെയുള്ള കെ.എസ്.ആർ.ടി.സി സർവിസ് ശനിയാഴ്ച മുതൽ പൂർണതോതിൽ പുനരാരംഭിക്കും. നവീകരണ പ്രവൃത്തികൾ നടക്കുന്നതുമൂലം ഒന്നര മാസത്തോളമായി ചുരത്തിലൂടെയുള്ള ഗതാഗതത്തിനു നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
കെ.എസ്.ആർ.ടി.സി ബസുകൾ ലക്കിടി മുതൽ അടിവാരം വരെ മിനി ബസുകൾ ഉപയോഗിച്ച് ഷട്ടിൽ സർവിസ് നടത്തിയാണ് യാത്രക്കാരെ കൊണ്ടുപോയിരുന്നത്.
കെ.എസ്.ആർ.ടി.സി അധികൃതർ കലക്ടറുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് ചുരത്തിലൂടെ വലിയ വാഹനങ്ങൾക്ക് അനുമതി നൽകിയത്. ദീർഘ ബസ് സർവിസുകളും പുനരാംഭിക്കും. ജില്ലയിൽനിന്ന് കോഴിക്കോട്ടേക്ക് മാത്രമായിരുന്നു പകൽസമയത്ത് സർവിസുകൾ നടത്തിയിരുന്നത്.
കോഴിക്കോട് ജില്ല കലക്ടർ അനുമതി നൽകിയ സാഹചര്യത്തിൽ ശനിയാഴ്ച മുതൽ കെ.എസ്.ആർ.ടി.സി ബസുകൾ ചുരത്തിലൂടെ നേരിട്ട് സർവിസ് നടത്തുമെന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫിസർ പ്രശോഭ് മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.