മാനന്തവാടി: കുറുക്കന്മൂല, പയ്യമ്പള്ളി, ചേറൂർ തുടങ്ങിയ പ്രദേശങ്ങളില്‍ കടുവ ആക്രമണം തുടര്‍ക്കഥയായിട്ടും 17 വളര്‍ത്തുമൃഗങ്ങളെ കൊന്നിട്ടും ജനങ്ങളുടെ ഭീതിയകറ്റാന്‍ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ റിലേ സത്യഗ്രഹം തുടങ്ങി. തിങ്കളാഴ്ച യു.ഡി.എഫ് ജില്ല കണ്‍വീനറും ഡി.സി.സി പ്രസിഡൻറുമായ എന്‍.ഡി. അപ്പച്ചന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ നിരാഹാര സത്യഗ്രഹമിരുന്നു.
കെ.പി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. കടുവയെ അടിയന്തരമായി പിടികൂടി ജനങ്ങളുടെ ഭീതിയകറ്റുക, വളര്‍ത്തുമൃഗങ്ങള്‍ ഉരുക്കളുടെ വിലക്ക് അനുസരിച്ച് നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, ജനങ്ങള്‍ക്ക് ഭയമില്ലാതെ ജീവിക്കാനാവശ്യമായ അത്യാധുനിക ഫെന്‍സിങ് സംവിധാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് റിലേ സത്യഗ്രഹത്തിന് തുടക്കമിട്ടത്. നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്ന് മാനന്തവാടി നിയോജകമണ്ഡലം യു.ഡി.എഫ് ഭാരവാഹികൾ പറഞ്ഞു.
മുൻ മന്ത്രിയും എ.ഐ.സി.സി അംഗവുമായ പി.കെ. ജയലക്ഷ്മി, കേരള കോൺഗ്രസ് (ജേക്കബ്) വർക്കിങ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ, കേരള കോൺഗ്രസ് എം. സംസ്ഥാന കമ്മിറ്റിയംഗം കെ.എ. ആൻറണി, മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൻ സി.കെ. രത്നവല്ലി, വൈസ് ചെയർമാൻ പി.വി.എസ്. മൂസ, എം. അബ്ദുറഹ്മാൻ, ജോസ് തലച്ചിറ, വി.പി. വർക്കി, കടവത്ത് മുഹമ്മദ്, പി.വി. നാരായണ വാര്യർ, സിൽവി തോമസ്, എ.എം. നിഷാന്ത്, എം.ജി. ബിജു, ജേക്കബ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
കൽപറ്റ: കുറുക്കൻമൂലയിലും പയ്യമ്പള്ളിയിലും ജനവാസ പ്രദേശങ്ങളിൽ ഇറങ്ങി കന്നുകാലികളെ കടുവ കൊല്ലുന്നതടക്കമുള്ള വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘർഷത്തിന്ന് ഉത്തരവാദികളായവർതന്നെയാണ് ജനക്കൂട്ടത്തെ നയിച്ച് കലാപത്തിന് ശ്രമിക്കുന്നതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
അതിഗുരുതരമായ ഇന്നത്തെ അവസ്ഥക്ക് കഴിഞ്ഞ 60 വർഷമായി സംസ്ഥാനം മാറിമാറി ഭരിച്ച ഇടതു-വലതു രാഷ്ട്രീയ പാർട്ടികളും പഞ്ചായത്ത് മെംബർ മുതൽ എം.പി വരെയുള്ള ജനപ്രതിനിധികളുമാണ് മറുപടി പറയേണ്ടത്. ഒരു ലക്ഷം ഹെക്ടർ വിസ്തൃതിയുള്ള വയനാടൻ കാടുകളുടെ മൂന്നിലൊന്നു വരുന്ന 36,000 ഹെക്ടർ വനം തേക്ക്, യൂക്കാലിപ്റ്റസ് തുടങ്ങിയ ഏകവിള തോട്ടങ്ങളാക്കിയത് ഇവരുടെ സർക്കാറുകളാണ്. ശേഷിച്ച കാടുകളിൽ കാട്ടുതീയും കന്നുകാലി മേക്കലും ടൂറിസവും പൊടിപൊടിക്കുകയാണിപ്പോൾ. ആവാസസ്ഥാനങ്ങളിൽ തീറ്റയും വെള്ളവും സ്വസ്ഥതയും നഷ്ടപ്പെട്ട കടുവയും കാട്ടുപോത്തും ആനയും അവ തേടിയാണ് ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നതെന്ന് സമിതി വിലയിരുത്തി.
കുറുക്കൻമൂലയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ട വനസംരക്ഷണ സേനയെ കൈയേറ്റം ചെയ്ത കൗൺസിലർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് അമാന്തിക്കുകയാണ്. വനസംരക്ഷണ സേനയുടെ എണ്ണം വർധിപ്പിക്കുകയോ അവരെ ആധുനികവത്കരിക്കുകയോ ശക്തിപ്പെടുത്തുകയോ പ്രതിസന്ധികളെ നേരിടാൻ പരിശീലിപ്പിക്കുകയോ ചെയ്യുന്നില്ല.
അവർക്ക് ആയുധം നൽകുന്നതടക്കം പരിഗണിക്കണം. വിളനഷ്ടത്തിനും ജീവൻ നഷ്ടത്തിനും നൽകുന്ന നഷ്ടപരിഹാരം കർഷകരെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുംവിധം തുച്ഛമാണിപ്പോൾ. പരിക്കേറ്റവർക്ക് പരമാവധി ഒരു ലക്ഷം രൂപയാണ് നൽകിവരുന്നത്. ഈ പരിധി ഉടനടി എടുത്തുകളയുകയും പരിക്കേറ്റവരുടെ ചികിത്സ ചെലവ് മുഴുവൻ നൽകുകയും ചെയ്യണം. മരണപ്പെട്ടവർക്ക് ഇന്ന് ലഭിക്കുന്നതിെൻറ അഞ്ചിരട്ടിയെങ്കിലും തുക നൽകണം.
ഇപ്പോൾ വൈൽഡ് ലൈഫ് ഡിവിഷനിൽ മാത്രമുള്ള ആർ.ആർ.ടി മൂന്നു ഡിവിഷനിലും ആരംഭിക്കണം. വന പരിസരത്തുള്ള കർഷകരുടെ വിളകൾക്കും ജീവനും സർക്കാർ ചെലവിൽ ഇൻഷുറൻസ് ഏർപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. എൻ. ബാദുഷ അധ്യക്ഷത വഹിച്ചു.
തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി, ശ്രീരാമൻ നൂൽപുഴ, എം. ഗംഗാധരൻ, പി.എം. സുരേഷ്, എ.വി. മനോജ്, സി.എ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
മാനന്തവാടി: മൂന്നാഴ്ചയായി ഭീതിപരത്തുന്ന കടുവയെ പിടികൂടാൻ നാട്ടുകാരുടെ സഹായം തേടി വനംവകുപ്പ്. വനത്തെ കുറിച്ച് നന്നായി അറിയാവുന്ന കോണവയൽ പ്രദേശത്തെ ആദിവാസി വിഭാഗത്തിൽപ്പെട്ട ചെറുപ്പക്കാരേയാണ് തിരച്ചിലിനും നിരീക്ഷണത്തിനുമായി നിയോഗിച്ചത്. മണിക്കൂറുകളോളം മരത്തിനു മുകളിൽ കയറി ഇരുന്നാണ് ഇവർ കടുവയുടെ നീക്കങ്ങൾ നിരീക്ഷിച്ചത്. ചൊവ്വാഴ്ചയും ഇവരുടെ സേവനം വനം വകുപ്പ് തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.