കണിയാമ്പറ്റ: സംസ്ഥാനത്ത് ഭൂമിയില്ലാത്ത അർഹരായ എല്ലാ ജനവിഭാഗങ്ങൾക്കും ഭൂമി ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജൻ. കണിയാമ്പറ്റ സ്മാർട്ട് വില്ലേജ് ഓഫിസും സോണൽ ലാൻഡ് ബോർഡ് ജില്ല ഓഫിസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അനധികൃതമായി ഭൂമി കൈമുതലാക്കിയവരിൽനിന്ന് ഭൂമി പിടിച്ചെടുത്ത് സാധാരണക്കാർക്ക് നൽകാൻ ശക്തമായ നടപടിയെടുക്കും. മക്കിമല ഭൂമി പ്രശ്നപരിഹാരത്തിനായി സർവേ ആരംഭിച്ചിട്ടുണ്ട്. സർവേ പൂർത്തിയാക്കുന്നതോടെ പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കും. ഇരുളം ഭൂമി പ്രശ്നം 2024ഓടെ തീർപ്പാക്കാൻ നടപടി സർക്കാർ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. വകുപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖകൾ ചിപ്പിലാക്കി റവന്യൂ കാർഡ് വിതരണം ചെയ്യുകയാണ് സർക്കാറിന്റെ അടിസ്ഥാന ലക്ഷ്യം.
പൊതുജനങ്ങൾ വില്ലേജുകളിലേക്ക് എത്താതെ ഡിജിറ്റൽ ഡിവൈസിലൂടെ അപേക്ഷകൾ സ്വീകരിക്കുന്നതിനും മറ്റുമുള്ള നടപടികളാണ് നടക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫിസുകളിലും രണ്ടു വർഷക്കാലയളവിൽ നടത്തിയ വില്ലേജ്തല ജനകീയ സഭയിൽ പങ്കെടുത്തവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ഒ.ആർ. കേളു എം.എൽ.എ, കലക്ടർ ഡോ. രേണു രാജ്, സബ് കലക്ടർ മിസൽ സാഗർ ഭാരത്, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി, എ.ഡി.എം എൻ.ഐ. ഷാജു, ഡെപ്യൂട്ടി കലക്ടർമാരായ കെ. അജീഷ്, കെ.കെ. ഗോപിനാഥ്, കെ. ദേവകി, സോണൽ ലാൻഡ് ബോർഡ് ചെയർമാൻ പി. സുരേഷ്, വാർഡ് അംഗം ലത്തീഫ് മേമാടൻ, വൈത്തിരി തഹസിൽദാർ ആർ.എസ്. സജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.