ക​ൽ​പ​റ്റ- വെ​ങ്ങ​പ്പ​ള്ളി റൂ​ട്ടി​ൽ പു​ഴ​മു​ടി​യി​ൽ റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ ഭാ​ഗം

പുഴമുടിയിൽ റോഡിലേക്ക് മണ്ണിടിയുന്നു; സുരക്ഷയൊരുക്കാൻ നടപടിയില്ല

വെങ്ങപ്പള്ളി: ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന കൽപറ്റയിൽനിന്ന് വെങ്ങപ്പള്ളി ഭാഗത്തേക്കുള്ള പ്രധാന പാതയിൽ പുഴമുടിക്ക് സമീപം റോഡിലേക്ക് വലിയതോതിൽ മണ്ണിടിയുന്നത് അപകടഭീഷണി ഉയർത്തുന്നു.

നേരത്തെ മണ്ണിടിഞ്ഞ സ്ഥലത്ത് ബാരിക്കേഡ് വെച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതല്ലാതെ സുരക്ഷ ഭിത്തി കെട്ടി സംരക്ഷിക്കാനുള്ള ഒരു നടപടിയും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കൽപറ്റയിൽനിന്ന് പുഴമുടി, വെങ്ങപ്പള്ളി, പിണങ്ങോട്, കാവുംമന്ദം, പടിഞ്ഞാറത്ത തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതയിലാണ് മണ്ണിടിഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മഴക്കാലത്ത് ഭൂമി വിണ്ടുകീറി മണ്ണിടിഞ്ഞ പുഴമുടിക്ക് സമീപം അപ്പണ വയലിലാണ് 250 മീറ്ററിലധികം ദൂരത്തിലായി വലിയ കുന്നിൽനിന്നും മണ്ണിടിഞ്ഞിരിക്കുന്നത്. മണ്ണിടിഞ്ഞ ഭാഗത്ത് പലപ്പോഴായി ചെറിയരീതിയിൽ വീണ്ടും മണ്ണിടിയുന്നുണ്ട്. ശക്തമായ മഴയുണ്ടായാൽ വലിയ രീതിയിൽ റോഡിലേക്ക് മണ്ണ് ഏതുനിമിഷവും പതിക്കാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

സംരക്ഷണഭിത്തി കെട്ടാത്തതിനാൽ ഇളകി നിൽക്കുന്ന മൺകൂനകൾ മഴയത്ത് ഇടിഞ്ഞുവീഴും. അപ്പണവയൽ ജങ്ഷന് സമീപം നൂറുമീറ്റർ അകലെ കുന്നിൻ ചെരുവിലെ മണ്ണാണ് ഇടിയുന്നത്. നിലവിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ ഭാഗത്ത് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ റോഡിന് വീതിയും കുറഞ്ഞു. വളവായതിനാൽ തന്നെ എതിരെ നിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത അപകട സാഹചര്യവും ഇപ്പോൾ ഇവിടെ നിലനിൽക്കുന്നുണ്ട്.

കഴിഞ്ഞ വർഷം റോഡിനോട് ചേർന്നുള്ള കുന്നിൽ വിള്ളൽ വീണപ്പോൾ സ്ഥലത്തെ മണ്ണിടിഞ്ഞ് വീണത് റോഡിലേക്കായിരുന്നു. റോഡ് നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് സ്ഥലനെടുപ്പിനായി കൂടുതൽ മണ്ണ് ഈ ഭാഗത്ത് നീക്കിയിരുന്നു. എന്നാൽ, മഴ പെയ്യുന്നതോടെയാണ് വീണ്ടും മണ്ണിടിച്ചിൽ ഭീഷണി ഉയരുന്നത്.

കഴിഞ്ഞ വർഷം ഇടിഞ്ഞിറങ്ങിയ മൺകൂനകളിൽ വിള്ളൽ വീണ് ഏത് നിമിഷവും റോഡിലേക്കു പതിക്കാവുന്ന സ്ഥിതിയാണിപ്പോൾ. സംരക്ഷണഭിത്തി കെട്ടിയാൽ മാത്രമേ കാലവർഷത്തിൽ അപകടഭീഷണിയില്ലാതെ ഇത് വഴി ഗതാഗതം സാധ്യമാകുകയുള്ളൂ. ഇതിനായി അടിയന്തര നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Landslides on the road at Puzhamudi-No action is taken to provide security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.