വെള്ളമുണ്ട: അനധികൃത ക്വാറികളുടെ ഈറ്റില്ലമായ ബാണാസുര മലയിൽ വർഷങ്ങൾ നീണ്ട സമരത്തിലൂടെ ക്വാറി മാഫിയയെ മുട്ടുകുത്തിച്ചവരാണ് വാളാരംകുന്ന്, പെരുങ്കുളം, നാരോക്കടവ് പ്രദേശങ്ങളിൽനിന്ന് ആദിവാസികൾ. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെതന്നെ ഉന്നതരുടെ മുഴുവൻ ക്വാറികളും നിരന്തര സമരത്തിലൂടെ പൂട്ടിച്ച ചരിത്രത്തിന് വേദിയായ മണ്ണാണിത്. സ്വൈര ജീവിതത്തിനു വിലങ്ങുതടിയായ ക്വാറികളോരോന്നും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുെന്നന്ന് ശാസ്ത്രീയ പഠന റിപ്പോർട്ടുകളൊന്നുമില്ലാതെ ജീവിതാനുഭവങ്ങളിലൂടെ അവർ അറിയുകയായിരുന്നു.
പശ്ചിമഘട്ട മലയടിവാരത്തിലെ വിവിധ സ്വകാര്യ ഭൂമികളിലെ അനധികൃത ഖനനങ്ങൾ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് നടക്കുന്നതെന്ന് അവർ തെളിയിച്ചു. അനധികൃത ഖനനം മലയുടെ നിലനിൽപിനു തന്നെ ഭീഷണിയാണെന്നും അവർ വിളിച്ചുപറഞ്ഞു. മലമുകളിലെ 500 മീറ്റർ ചുറ്റളവിൽ മാത്രം വിവിധ ഘട്ടങ്ങളിലായി ആറ് ക്വാറികളാണ് പ്രവർത്തിച്ചത്. സർക്കാർ ഭൂമി കൈയേറി ആരംഭിച്ച ക്വാറിക്കെതിരെ പരാതി ഉയരുമ്പോൾ പരമാവധി ഖനനം നടത്തിയ ശേഷം പൂട്ടി സമീപത്ത് മറ്റൊന്ന് തുടങ്ങുകയായിരുന്നു. ഇങ്ങനെ തുടങ്ങിയ വണ്ടംകുഴി ക്വാറി വർഷങ്ങൾ പ്രവർത്തിച്ചത് റവന്യൂഭൂമിയിലാണെന്ന് കണ്ടെത്തിയ ശേഷം പ്രവർത്തനം നിർത്തി. അപ്പോഴേക്കും മലയുടെ പകുതിയോളം തുരന്നിരുന്നു.
ത്രേസ്യാമ്മ, കിഴക്കേപ്പുറം, അത്താണി ക്വാറികൾ ആദിവാസികളുടെ പരാതിയെ അവഗണിച്ച് വർഷങ്ങളോളം പ്രവർത്തിച്ചു. നീണ്ട പരാതികൾക്കൊടുവിൽ ഇവ പ്രവർത്തനം നിർത്തുമ്പോൾ മലയുടെ മറ്റു രണ്ടു ഭാഗങ്ങളും വൻതോതിൽ തുരന്നിരുന്നു. ശേഷവും മൂന്ന് ക്വാറികൾ വ്യത്യസ്ത പേരുകളിൽ വീണ്ടും ഖനനം നടത്തുകയും പരമാവധി കല്ല് കടത്തിയ ശേഷം നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്നതിനായി നടപടി എടുത്തെന്ന് വരുത്തി പൂട്ടുകയും ചെയ്തു.
ബാണാസുര പ്രകൃതി സംരക്ഷണ സമിതി രൂപവത്കരിച്ച് വർഷങ്ങളായി നാട്ടുകാർ ആദിവാസികൾക്കൊപ്പം സമരരംഗത്തു നിന്നു. വെള്ളമുണ്ട വില്ലേജിൽ സർവേ നമ്പർ 622/1 എ യിൽ പ്രവർത്തിക്കുന്ന നാരോക്കടവിലെ ക്വാറിയും മലയുടെ നിലനിൽപിന് ഭീഷണിയുയർത്തി. കഴിഞ്ഞ മഴക്കാലത്ത് പ്രദേശത്തെ തോട്ടങ്ങളിലും മലയിലും ഉണ്ടായ നിരവധി ഉരുൾപൊട്ടലുകൾക്ക് കരിങ്കൽ ഖനനം കാരണമായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. നിയമപ്രകാരം നികുതി പോലും സ്വീകരിക്കാത്ത സ്ഥലത്താണ് ഖനനം നടക്കുന്നതെന്ന് ആദിവാസികളുടെയും പ്രദേശവാസികളുടെയും സമരം തെളിയിച്ചു.
കഴിഞ്ഞ വർഷത്തെ മഴയിൽ വിവിധ ഭാഗങ്ങളിലായി ഇരുപതോളം സ്ഥലത്ത് ചെറുതും വലുതുമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. അന്ന് പ്രവർത്തിച്ചിരുന്ന ക്വാറിയുടെ മുകൾ വശത്തും വലിയതോതിൽ മണ്ണിടിഞ്ഞു. സ്വകാര്യ റിസോർട്ട് മാഫിയയുടെ ഇടപെടലും കുന്നിടിക്കലും വൻ ഉരുൾപൊട്ടലിന് വഴിയൊരുക്കി. ചുറ്റുഭാഗവും ഖനനത്തിനായി കുഴിച്ചു മറിച്ച മലമുകളിൽ എട്ട് ആദിവാസി വീടുകളുണ്ട്.
വീടിെൻറ മുറ്റംവരെ കവർന്നെടുത്ത മണ്ണിടിച്ചിൽ പരമ്പരക്ക് നടുവിലായി ഒട്ടും സുരക്ഷിതത്വമില്ലാതെയാണ് അറുപതിലധികം ആദിവാസികൾ ഭീതിയോടെ കഴിയുന്നത്. സർക്കാർ ഭൂമി കൈയേറി ക്വാറി നടത്തിയതിെൻറ പേരിൽ കഴിഞ്ഞ വർഷം നടപടിക്ക് വിധേയരായ ചിലർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വീണ്ടും പുതിയ ക്വാറിക്ക് നീക്കം നടത്തുന്നുണ്ട്.
വൻ ഉരുൾപൊട്ടലുണ്ടായ ഭൂമിയോട് ചേർന്നുള്ള സ്ഥലത്ത് ക്വാറി പ്രവർത്തിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് വെള്ളമുണ്ട, കാഞ്ഞിരങ്ങാട് വില്ലേജ് ഓഫിസർമാർക്ക് ഒരു വ്യക്തി മാസങ്ങൾക്ക് മുമ്പ് അപേക്ഷ നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ബാണാസുര മലനിരയോട് ചേർന്നുള്ള ഭൂമിയിൽ നിയമാനുസൃതം അനുമതി ലഭിക്കില്ല. ഇത് അറിയാവുന്നതിനാൽ ഉന്നത ബന്ധം ഉപയോഗിച്ച് അനുമതി വാങ്ങി എടുക്കാനുള്ള നീക്കമാണ് നടക്കുന്നത്.
വെള്ളമുണ്ട വില്ലേജിൽ വാളാരംകുന്ന് കൊയ്റ്റ്പാറ കുന്നിൽ പ്രവർത്തിച്ചിരുന്ന അത്താണി ബ്രിക്സ് ആൻഡ് മെറ്റൽസ് എന്ന ക്വാറി മൂന്നുവർഷം മുമ്പാണ് പൂട്ടിയത്. അന്നത്തെ വെള്ളമുണ്ട വില്ലേജ് ഓഫിസർ സബ് കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഉദ്യോഗസ്ഥ-ക്വാറി മാഫിയ ബന്ധം പുറത്തുവന്നത്. പട്ടയ ഭൂമിയിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ക്വാറിയാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് തിരുത്തുന്നതായിരുന്നു അന്ന് വില്ലേജ് ഓഫിസർ നൽകിയ റിപ്പോർട്ട്.
അന്നത്തെ വില്ലേജ് അധികൃതർ തയാറാക്കിയ റിപ്പോർട്ടുകളും ലാൻഡ് സ്കെച്ചും വ്യാജമാണെന്ന് തെളിഞ്ഞു. സബ് കലക്ടറുടെ റിപ്പോർട്ടിലും ഈ സംശയം ഉന്നയിക്കുന്നുണ്ട്. നിലവിൽ, തങ്ങളെ ഛിന്നഭിന്നമാക്കി മലയിറക്കാനുള്ള നീക്കമാണ് പുനരധിവാസ പദ്ധതിയിലൂടെ നടക്കുന്നതെന്നും ആദിവാസികൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.