മാനന്തവാടി: സ്ഥലപരിമിതി കാരണം വീര്‍പ്പുമുട്ടുന്ന മാനന്തവാടി നഗരസഭകാര്യാലയത്തിന് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നടപടി വൈകുന്നു. കെട്ടിടനിര്‍മാണത്തിനായി മൂന്നുകോടി രൂപ സംസ്ഥാന സര്‍ക്കാര്‍ 2021ല്‍ അനുവദിച്ചിട്ടുണ്ട്. മാനന്തവാടിയില്‍ നേരത്തെയുണ്ടായിരുന്ന ടൗണ്‍ഹാള്‍ കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്താണ് സൗകര്യപ്രദമായ രീതിയില്‍ കെട്ടിട സമുച്ഛയം നിര്‍മിക്കാന്‍ നഗരസഭ തീരുമാനിച്ചത്.
എന്നാല്‍, ഈ ഭൂമി സംബന്ധിച്ച ചില തര്‍ക്കങ്ങള്‍ നിലവിലുണ്ടായിരുന്നതിനാല്‍ കെട്ടിടം പൊളിച്ച് ഭൂമി കൈമാറുന്നതിന് കാലതാമസമുണ്ടായി. ഇവിടം ഇപ്പോഴും മാലിന്യ നിക്ഷേപകേന്ദ്രമായിട്ടുണ്ട്. ഭൂമിയും കെട്ടിടത്തിന്റെ പ്ലാനും നിര്‍മാണാനുമതിയും 2023ലാണ് പ്രവൃത്തികളുടെ കണ്‍സള്‍ട്ടന്‍സിയായി സര്‍ക്കാര്‍ നിയോഗിച്ച എഫ്.എ. സി.ടിക്ക് (ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്) കൈമാറിയത്.
എന്നാല്‍, വര്‍ഷം ഒന്ന് പിന്നിട്ടിട്ടും സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സി ഡി.പി.ആര് തയാറാക്കി ഭരണാനുമതിക്കായി സര്‍ക്കാറില്‍ സമര്‍പ്പിച്ചിട്ടില്ല. പ്രവൃത്തിയുടെ ഡി.പി.ആര് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ച് ഭരണാനുമതി വാങ്ങി ടെൻഡര്‍ വിളിച്ച് കരാര്‍ നല്കി പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ച് പൂര്‍ത്തീകരിച്ചു നല്‍കേണ്ട ചുമതലയാണ് എഫ്.എ.സി.ടിക്കുള്ളത്. ഇതിനായി ഫണ്ടിന്റെ മൂന്നു ശതമാനം വിഹിതം കണ്‍സല്‍ട്ടന്‍സി ഫീസായി എഫ്.എ.സി.ടിക്ക് ലഭിക്കും.
എന്നാല്‍, മുന്‍കാലങ്ങളില്‍ ചെയ്ത പലപ്രവൃത്തികളുടെയും തുക ലഭിച്ചില്ലെന്ന് എഫ്.എ.സി.ടി അധികൃതര്‍ പറയുന്നു. കണ്‍സല്‍ട്ടന്‍സി ഫീസ് ലഭിക്കാത്തതിനാല്‍ പ്രവൃത്തി വൈകുന്നതൊഴിവാക്കാന്‍ നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാലാണ് സാങ്കേതികാനുമതി വൈകിയതെന്നും എത്രയും വേഗത്തില്‍ ഡി.പി.ആര് നല്കി അനുമതിവാങ്ങി പ്രവൃത്തികള്‍ തുടങ്ങാന്‍ കഴിയുമെന്നും എഫ്.എ.സി.ടി അധികൃതര്‍ പറഞ്ഞു. പരിസ്ഥിതി സൗഹൃദ ഉല്പന്നമായ ഗ്ലാസ് ഫൈബര്‍ റീഇന്‍ഫോഴ്സ്ഡ് ജിപ്സം ഉപയോഗിച്ചാണ് കെട്ടിടനിര്‍മാണം നടത്തുക.
36 വാര്‍ഡുകളിലായി മാനന്തവാടി, പയ്യംമ്പള്ളി വില്ലേജുകള്‍ക്ക് കീഴിലെ അരലക്ഷത്തിലധികം ജനങ്ങളാണ് മാനന്തവാടി നഗരസഭയില്‍ തിങ്ങിപാര്‍ക്കുന്നത്. നിലവിലെ നഗരസഭ ഓഫിസ് ഇടുങ്ങിയതും ഏറെ അസൗകര്യം നിറഞ്ഞതുമാണ്.
ദിനംപ്രതി നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്ക് നഗരസഭയിലെത്തുന്നത്. എന്നാല്‍, ഇവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ നഗരസഭ ഓഫിസിന് കഴിയുന്നില്ല. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ജനന, മരണ രജിസ്ട്രേഷന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ് മാനന്തവാടി.
ഈ കെട്ടിടത്തില്‍ നൂറിനടുത്ത് ജീവനക്കാരും കൗണ്‍സിലര്‍മാരുമുള്‍പ്പെടെ വളരെ പ്രയാസപ്പെട്ടാണ് ഇടുങ്ങി ഇരിക്കുന്നത്. ചെറിയയോഗങ്ങൾക്കു പോലും സ്വകാര്യഹാളുകള് അന്വേഷിച്ച് നടക്കേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.