മാനന്തവാടി: കളിമണ്ണില്‍ ശിൽപങ്ങള്‍ മെനഞ്ഞും പാട്ടുപാടിയും പാഴ്വസ്തുക്കളില്‍നിന്ന് പൂക്കൾ വിരിയിച്ചും കുട്ടികളുടെ കൂട്ടായ്മകള്‍. കോവിഡിന്റെ ദീര്‍ഘകാലമായുള്ള അടച്ചിടല്‍ കാലത്തെ മറികടന്ന് ആദ്യമായെത്തിയ വേനലവധിക്കാലം ആഘോഷമാക്കുകയായിരുന്നു കുട്ടികള്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സമഗ്ര ശിക്ഷ കേരള സ്‌പെഷലിസ്റ്റ് അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നടന്ന 'ആരാമം' ഏകദിന ക്യാമ്പാണ് കുട്ടികളുടെ സർഗഭാവനകള്‍ കൊണ്ട് സമ്പന്നമായത്.
കൽപറ്റയില്‍ നടക്കുന്ന എന്റെ കേരളം മെഗാ എക്‌സിബിഷന്റെ ഭാഗമായാണ് കുട്ടികള്‍ക്കായി വേനലവധിയുടെ തുറന്ന പാഠശാല സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍നിന്നുള്ള നൂറോളം വിദ്യാർഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കബനിക്കരയിലെ പഴശ്ശി ഉദ്യാനത്തില്‍ ഇരുപതോളം സ്‌പെഷലിസ്റ്റ് അധ്യാപകരാണ് കുട്ടികള്‍ക്ക് മാർഗനിർദേശം നൽകാനെത്തിയത്. ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞ് ഉദ്യാനത്തിന്റെ പല കോണുകളിലായി കുട്ടികള്‍ ആരാമത്തെ സർഗാത്മകമാക്കി. ചിത്രരചന, സംഗീതം, ക്രാഫ്റ്റ്, ക്ലേ മോഡലിങ് തുടങ്ങിയ വിവിധ കലാപ്രവര്‍ത്തനങ്ങളിലാണ് കുട്ടികള്‍ മാറ്റുരച്ചത്.
കുട്ടികള്‍ നിർമിച്ച കരകൗശല വസ്തുക്കളുടെയും കളിമണ്‍ മാതൃകയുടെയും പ്രദര്‍ശനവും ഒരുക്കിയിരുന്നു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സൻ സി.കെ. രത്‌നവല്ലി ആരാമം സമ്മര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. സർവശിക്ഷ കേരള ജില്ല പ്രോഗ്രാം കോഓഡിനേറ്റര്‍ വി. അനില്‍കുമാര്‍, ഡി.പി.ഒ കെ. രാജേഷ്, ബി.പി.സി കെ. അനൂപ്കുമാര്‍, ദിപിന്‍ലാല്‍ ആലഞ്ചേരി എന്നിവര്‍ സംസാരിച്ചു. സ്‌പെഷലിസ്റ്റ് അധ്യാപകരായ എം. അരുണ്‍കുമാര്‍, പി.വി. മനോജ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.