മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിലെ തോൽപെട്ടി റേഞ്ച് ബാവലി സെക്ഷനിലെ അമ്പത്തിയെട്ടിൽ എട്ടു വയസ്സു വരുന്ന കാട്ടുപോത്തിനെ വേട്ടയാടി കൊന്ന സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ആറു പ്രതികൾ കീഴടങ്ങി. പഴയ വൈത്തിരി മടക്കാട്ടിൽ ഷൗക്കത്ത് (33), സുൽത്താൻ ബത്തേരി കുപ്പാടി അസിഫ് (40) അച്ചൂർ കുന്നത്ത് സിദ്ദീഖ് (47), കോഴിക്കോട് കൊടുവള്ളി തിയ്യക്കണ്ടി കുണ്ടത്തിൽ മുഹമ്മദ് ഫാസിൽ (37), പടിഞ്ഞാറത്തറ കുപ്പാടിത്തറ തെറ്റത്ത് അനസ് (29), നല്ലൂർനാട് വൈശ്യൻ അയൂബ് ( 40) എന്നിവരാണ് കീഴടങ്ങിയത്. ഇവരെ ചേദ്യം ചെയ്തതിനു ശേഷം മാനന്തവാടി കോടതിയിൽ ഹാജരക്കി.
2021 ജൂലൈ 12നാണ് കേസിനാസ്പദമായ സംഭവം. വനത്തിനുള്ളില്‍ നിന്ന് വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വേട്ട സംഘത്തെ കണ്ടെത്തിയത്. ഏകദേശം 800 കിലോയോളം വരുന്ന കാട്ടുപോത്തിനെയാണ് സംഘം വെടിവെച്ച് കൊന്ന് വിൽപനക്കായി ഇറച്ചിയാക്കിയത്. വനപാലകര്‍ എത്തിയപ്പോൾ മൊയ്തീന് ഒഴികെ സംഘത്തിലുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇവരുപയോഗിച്ച വാഹനങ്ങൾ പുതുശ്ശേരിയില്‍ പ്രതികളില്‍ ഒരാളുടെ ബന്ധുവിെൻറ വീട്ടുമുറ്റത്തുനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. ഇതേ സംഘം മുമ്പും വേട്ട നടത്തിയിട്ടുണ്ടെന്നും ഇവര്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വേട്ടയിറച്ചിക്കായി ഉപഭോക്താക്കള്‍ ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമായി നടക്കുന്നതിനിടെയാണ് ഹൈകോടതി ഉപാധികളോടെ മുൻകൂർ ജ്യാമം അനുവദിച്ചത്. പിന്നാലെയാണ് പ്രതികൾ കീഴടങ്ങിയത്. അസി. വൈൽഡ് ലൈഫ് വാർഡൻ പി. സുനിൽകുമാർ, മാനന്തവാടി റേഞ്ച് ഓഫിസർ രമ്യാ രാഘവൻ, തോൽപെട്ടി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.എം. അബ്ദുൽഗഫൂർ, അപ്പപ്പാറ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എം.വി. ജയപ്രസാദ്, ഫോറസ്റ്റർമാരായ കെ.എ. രാമകൃഷ്ണൻ, എം.വി. സുരേന്ദ്രൻ, പി. നന്ദകുമാർ, വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി പൂർത്തിയാക്കിയത്.
പുള്ളിമാൻ വേട്ട; ഒരാൾകൂടി പിടിയിൽ
പുൽപള്ളി: കേളമംഗലത്ത് പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. അതിരാറ്റ് കുന്ന് തോണിക്കുഴിയിൽ സുരേഷ് (42) ആണ് ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് മുമ്പാകെ കീഴടങ്ങിയത്.കേസിൽ ഉൾപ്പെട്ട എട്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാനിനെ കൊന്ന് പാചകം ചെയ്തെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.