മാനന്തവാടി: മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഉയര്‍ച്ച ലക്ഷ്യമാക്കി തുടങ്ങിയ ഉജ്ജ്വലം പദ്ധതി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുമെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി. മാനന്തവാടി മണ്ഡലത്തില്‍ ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി ജില്ലതലത്തില്‍ ആസൂത്രണങ്ങള്‍ നടത്തും. വിജയശതമാനത്തില്‍ പിന്നിലാവുന്ന അവസ്ഥ പരിഹരിക്കാന്‍ കൂട്ടായ പരിശ്രമം വേണം. ഒന്നു മുതല്‍ നാല് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനും ഭിന്നശേഷി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മാനന്തവാടി ഗവ. യു.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഒ.ആര്. കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. പദ്ധതി രേഖയുടെ പ്രകാശനം നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി നിര്‍വഹിച്ചു. പദ്ധതിയുടെ ലോഗോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി പ്രകാശനം ചെയ്തു. ബി.പി.സി കെ.കെ. സുരേഷ് പദ്ധതി വിശദീകരണം നടത്തി.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എച്ച്.ബി. പ്രദീപ്, പി.എം. ആസ്യ, നഗരസഭ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യന്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹിം, ജില്ല പഞ്ചായത്ത് അംഗം കെ. വിജയന് തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ് തുടങ്ങിയ പൊതു പരീക്ഷകളില്‍ മികച്ച വിജയം കൈവരിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലകളെ പരിചയപ്പെടുത്തുക, കായിക വിദ്യാഭ്യാസത്തിന് മികച്ച അവസരങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് ഉജ്ജ്വലം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
വിവിധ സ്കൂളുകളിൽ പദ്ധതികൾ ഉദ്ഘാടനം
വടുവന്‍ചാല്‍: വടുവന്‍ചാല്‍ ജി.എച്ച്.എസ്. സ്കൂളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി 50 വ്യത്യസ്ത ഇനങ്ങള്‍ ഉള്‍പ്പെട്ട ബാംബൂ പാര്‍ക്ക്, പ്രീ പ്രൈമറി ഗണിത പാര്‍ക്ക്, വണ്‍ സ്റ്റുഡന്റ് വണ്‍ ഇവന്റ് പദ്ധതിയുടെ ഭാഗമായ സ്പോര്‍ട്സ് അക്കാദമി, പി.ടി.എയുടെ നേതൃത്വത്തില്‍ തുടങ്ങിയ സ്കൂള്‍ ബസ് സര്‍വിസ്, സ്കൂള്‍ വെബ്സൈറ്റ് എന്നിവയുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ പത്താം ക്ലാസ് പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വടുവന്‍ചാല്‍ ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പൽ കെ.വി. മനോജ് പദ്ധതി വിശദീകരിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ജില്ല പഞ്ചായത്ത് അംഗം സീത വിജയന്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എസ്. വിജയ, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
മീനങ്ങാടി: ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ വിവിധ പദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പിന് മാതൃകയായി അഞ്ച് മുതല്‍ 12വരെയുളള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പെര്ഫെകട് പദ്ധതി, സ്കൂളിലെ ജല ഗുണനിലവാര പരിശോധന ലാബ് എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ ഉന്നതം വിജയം നേടിയവരെ മന്ത്രി അനുമോദിച്ചു.
മോയിന്‍കുട്ടി വൈദ്യര് സ്മാരക അക്കാദമി പുരസ്കാരം നേടിയ ഡോ. ബാവ കെ. പാലുകുന്ന്, പെര്‍ഫെക്ട് പദ്ധതി ലോഗോ ഡിസൈനര്‍ സൈഫ് ചേന്ദമംഗലൂര്‍, പൂർവ വിദ്യാര്‍ഥികള്‍ എന്നിവരെ അനുമോദിച്ചു.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ജില്ല പഞ്ചായത്ത് അംഗം സിന്ധു ശ്രീധര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.