മാനന്തവാടി: മലയോര ഹൈവേ നിർമാണം ഒച്ചിഴയും വേഗത്തിലായതോടെ മാനന്തവാടി തലപ്പുഴ ബോയ്സ് ടൗണിലൂടെയുള്ള യാത്ര ദുരിതമായി. റോഡിൽ പരക്കേ ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മഴ തുടങ്ങിയതോടെ കുഴികളിൽ വെള്ളംനിറഞ്ഞ് വാഹനങ്ങൾ കടന്നുപോകുമ്പോൾ ചളി തെറിക്കുന്നത് പതിവാണ്. ഇതുമൂലം കാൽനടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഗാന്ധിപാർക്ക് മുതൽ കണിയാരം വരെയാണ് കൂടുതലായും കുഴികളുള്ളത്.
തലശ്ശേരി, കണ്ണൂർ ഭാഗങ്ങളിലേക്ക് നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. മലയോര ഹൈവേയുടെ നിർമാണ പ്രവൃത്തി പൂർത്തീകരിക്കാൻ ഏഴു മാസമേ ബാക്കിയുള്ളൂ. ഇതുവരെ ഇരുപത്തിയഞ്ച് ശതമാനം പ്രവൃത്തി പോലും പൂർത്തിയായിട്ടില്ല.
കലുങ്കുകളുടെയും ഓവുചാലുകളുടെയും നിർമാണം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മഴ മാറുന്നതോടെ പൊടിശല്യവും രൂക്ഷമാകും. അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. റോഡിന്റെ ശോച്യാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് തലപ്പുഴ മണ്ഡലം കമ്മിറ്റി പ്രത്യക്ഷ സമര പരിപാടികൾക്ക് തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.