മാനന്തവാടി: ആഴ്ചകൾക്ക് ശേഷം മാനന്തവാടി നഗരസഭ പരിധിയിലെ ചിറക്കരയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. ചൊവ്വാഴ്ച പുലര്‍ച്ച നാലോടെയാണ് ചിറക്കര പണിച്ചി പാലത്തിന് സമീപം 10ാ നമ്പര്‍ പ്രദേശത്ത് കടുവയെ കണ്ടത്.
എസ്റ്റേറ്റ് ഫാക്ടറി തൊഴിലാളിയായ ചിറക്കര കാട്ടുമുണ്ട വീട്ടില്‍ പ്രജിത്ത് ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് കടുവ റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വനംവകുപ്പിനെ വിവരമറിയിക്കുകയും രാവിലെ ആറോടെ നടത്തിയ തിരച്ചില്‍ കടുവയെ കണ്ട പ്രദേശത്ത് നിന്നും നൂറ് മീറ്റര്‍ മാറി ചിറക്കര ഒന്നാം നമ്പര്‍ ശ്മശാന പരിസരത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തുകയായിരുന്നു.
ചിറക്കര, പഞ്ചാരക്കൊല്ലി പ്രദേശത്ത് രൂക്ഷമായ കടുവ ശല്യത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 12ന് ചിറക്കര മൂന്നാം നമ്പറില്‍ കൂട് സ്ഥാപിച്ചിരുന്നു.
എന്നാല്‍ കൂടൊരുക്കി ഒരു മാസമായിട്ടും കടുവ കൂട്ടില്‍ കുടങ്ങിയിരുന്നില്ല. ഒരു മാസം മുമ്പ് ചിറക്കര അത്തിക്കാപറമ്പില്‍ എ.പി. അബ്ദുറഹ്മാന്റെ എട്ടു മാസം പ്രായമുള്ള പശു കിടാവിനെ കടുവ ആക്രമിച്ച് കൊന്നിരുന്നു. വീണ്ടും കടുവ ഭീഷണി ഉയര്‍ന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. നാട്ടുകാരെ ഭീതിയിലാഴ്ത്തുന്ന കടുവയെ അതിവേഗം പിടികൂടണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.