മാനന്തവാടി: കുളത്തിൽ കീടനാശിനി കലക്കിയതായി ആരോപണം. പഞ്ചായത്ത് നിർമിച്ചുനൽകിയ കുളത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി. എടവക പായോട് അമ്പലവയലിലാണ് മത്സ്യങ്ങൾ ചത്തത്. കാർഷിക ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തി വിട്ടുനൽകിയ സ്ഥലത്ത് വർഷങ്ങൾക്കുമുമ്പ് എടവക പഞ്ചായത്താണ് കുളം നിർമിച്ച് നൽകിയത്.
ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2020ൽ മോട്ടോറും പമ്പ് ഹൗസും സ്ഥാപിച്ചിരുന്നു. പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു ഈ കുളം. കുളത്തിൽ വെള്ളം സുലഭമാകുന്നതോടെ സമീപത്തെ കിണറുകളിലും കുടിവെള്ളം യഥേഷ്ടം ലഭിക്കുമായിരുന്നു. കടുത്ത വേനലിൽ പ്രദേശവാസികൾക്ക് വളരെയധികം സഹായമായിരുന്നു കുളത്തിലെ വെള്ളം. ആഫ്രിക്കൻ മുഷി, പിലോപ്പി, വാള, പരൽ, ചേറ് മിൻ ഉൾപ്പെടെയാണ് ചത്തുപൊങ്ങിയത്.
സംഭവത്തിൽ പ്രദേശവാസികൾ സമീപത്ത് കൃഷി ചെയ്യുന്ന കർഷകനെതിരെ മാനന്തവാടി പൊലീസിൽ പരാതി നൽകി. പ്രദേശത്ത് സാമൂഹികവിരുദ്ധ ശല്യവും മയക്കുമരുന്ന് ഉപയോഗവും വർധിച്ച് വരുന്നതായി നാട്ടുകാർ പറഞ്ഞു. കുളത്തിന് സമീപം മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും കുമിഞ്ഞുകൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.