മാനന്തവാടി: ഒരുമാസത്തോളമായി ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തിയ കടുവക്കായുള്ള തിരച്ചിൽ വനംവകുപ്പ് നിർത്തി. ഉത്തരമേഖല വനം കൺസർവേറ്റർ ഡി.കെ. വിനോദ് കുമാറാണ് തിങ്കളാഴ്ച ഉത്തരവിറക്കിയത്. കുറുക്കന്മൂലയിലെ തിരച്ചിലിൽ പങ്കെടുത്ത വനപാലകരോട് ചൊവ്വാഴ്ച മുതൽ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്കിറങ്ങാനാണ് ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്. 10 ദിവസമായി വളർത്തുമൃഗങ്ങളെയൊന്നും കൊല്ലാത്തതിനാലും അഞ്ച് കി.മീ ചുറ്റളവിൽ സ്ഥാപിച്ച 70 കാമറകളിൽ ഈ സമയങ്ങളിൽ കടുവയുടെ ചിത്രം പതിയാത്തതിനാലും വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച അഞ്ച് കൂടുകളിൽ കുടുങ്ങാത്തതിനാലുമാണ് തിരച്ചിൽ നിർത്തിയത്.
കുങ്കിയാനകളെയും ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തി. ഉത്തരമേഖല വനം കൺസർവേറ്ററും 16 ഡി.എഫ്.ഒമാരും ഉൾപ്പെടെ ഇരുന്നൂറ്റി അറുപതോളം വനപാലകർ 17 ദിവസമാണ് തിരച്ചിൽ നടത്തിയത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള മൂന്ന് മയക്കുവെടി ആർ.ആർ.ടി അംഗങ്ങളും പങ്കാളികളായി. നവംബർ 29 മുതലാണ് കുറുക്കൻമൂല, കാവേരി പൊയിൽ, കോതമ്പറ്റ, പുതിയിടം, ചെറൂർ, മുട്ടങ്കര എന്നിവിടങ്ങളിൽ നിന്നായി 17 വളർത്തുമൃഗങ്ങളെ കടുവ കൊന്നത്. ഇതോടെ ജനങ്ങൾ റോഡ് ഉപരോധവും കടുവ കൊന്ന മൃഗവുമായി ഡി.എഫ്.ഒ ഓഫിസ് ഉപരോധമടക്കമുള്ള സമരപരിപാടികൾക്ക് ശേഷമാണ് തിരച്ചിലിനും കൂട് വെക്കാനും തീരുമാനമായത്. ഒരുതവണ മാത്രമാണ് കഴുത്തിൽ പരിക്കേറ്റ കടുവയുടെ ചിത്രം പതിഞ്ഞത്. ഒരുതവണപോലും വനംവകുപ്പ് ജീവനക്കാർക്ക് കടുവയെ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. അതേസമയം, വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ട കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ വനംവകുപ്പ് തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.