തൃക്കരിപ്പൂർ: രാജ്യത്തെ മാധ്യമങ്ങൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. തൃക്കരിപ്പൂർ പ്രസ് ഫോറത്തിന്റെ ടി.വി. ചവിണിയൻ സ്മാരക സംസ്ഥാന മാധ്യമ അവാർഡ് ‘മാധ്യമം’ വയനാട് ലേഖകൻ എസ്. മൊയ്തുവിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നതായി റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ഉദ്ധരിക്കുന്നു. മാധ്യമസ്ഥാപനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ റെയ്ഡുകളും ഉപകരണങ്ങൾ പിടിച്ചെടുക്കലും കേസിൽപെടുത്തലും രാജ്യത്ത് തുടരുകയാണ്. നിക് ഉട്ടിന്റെ ഒറ്റ ചിത്രമാണ് വിയറ്റ്നാം യുദ്ധം നിർത്തിച്ചത്. അതുപോലെ ദൈവം തെറ്റുചെയ്താലും റിപ്പോർട്ട് ചെയ്യുമെന്ന് ദിവാനോട് പറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയും അദ്ദേഹത്തെ പിന്തുണച്ച വക്കം മൗലവിയും നമ്മുടെ മുന്നിൽ ഉദാഹരിക്കാനുണ്ട് - ഉണ്ണിത്താൻ പറഞ്ഞു. പി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്മാരക ദൃശ്യമാധ്യമ പുരസ്കാരം പയ്യന്നൂർ നെറ്റ്വർക്ക് ചാനൽ ലേഖിക കെ.എൻ. വർഷക്ക് സമ്മാനിച്ചു. പി. പ്രസാദ് അധ്യക്ഷത വഹിച്ചു. ഡോ. വി.പി.പി. മുസ്തഫ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ വി.ടി. ഷാഹുൽ ഹമീദ്, ചിത്രകലാ അക്കാദമി പുരസ്കാരം നേടിയ രജീഷ് കുളങ്ങര എന്നിവരെ അനുമോദിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, വി.കെ. രവീന്ദ്രൻ, എം.ടി.പി. കരീം, സി.എച്ച്. റഹീം, എ.ജി. നൂറുൽ അമീൻ, എസ്. മൊയ്തു, കെ.വി. സുധാകരൻ, ഉറുമീസ് തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.