മീനങ്ങാടി: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുകയാണ് മീനങ്ങാടി പൊലീസ് സ്റ്റേഷൻ. 45 ജീവനക്കാരും ആറ് ഹോംഗാർഡും ഉൾപ്പെടെ 51 ജീവനക്കാരാണ് സ്റ്റേഷനിലുള്ളത്. എട്ടു സെൻറ് സ്ഥലത്താണ് സ്റ്റേഷനുള്ളത്. ഇടുങ്ങിയ കെട്ടിടത്തിനുള്ളിൽ ലോക്കപ്പ്, ഓഫിസ്, വിശ്രമ മുറി, വനിതകൾക്കുള്ള വിശ്രമ മുറി, ഫയലുകൾ സൂക്ഷിക്കാനുള്ള മുറി എന്നിവയടക്കമുള്ള കെട്ടിടത്തിൽ നിന്ന് തിരിയാൻ കഴിയാത്ത അവസ്ഥയാണ്. പരാതിക്കാർക്ക് സ്റ്റേഷനിൽ കയറിയാൽ ഇരിക്കാൻപോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. 1988ൽ പ്രവർത്തനമാരംഭിച്ച സ്റ്റേഷൻ പല മാറ്റങ്ങൾക്ക് ശേഷം 2004 ലാണ് നിലവിലെ കെട്ടിടത്തിലേക്ക് മാറുന്നത്.
മുകൾനിലയിൽ ചോർച്ചയുമുണ്ട്. ദേശീയപാതയോരത്താണ് സ്റ്റേഷനിലെ വാഹനം നിർത്തിയിടുന്നത്. അപകടത്തിലും, മറ്റ് കേസുകളിലും ഉൾപ്പെടുന്ന വാഹനങ്ങൾ ദേശീയപാതയോരത്ത് തന്നെയാണ് ഇടുന്നത്. പലപ്പോഴും ഇങ്ങനെ നിർത്തുന്ന വാഹനങ്ങൾ മാസങ്ങളോളമാണ് ഇവിടെ കിടക്കുന്നത്. ഇതിനെതിരെ വ്യാപാരികളും കാൽനടയാത്രികരും നിരന്തരം പരാതിപ്പെട്ടിരുന്നു.
‘മീനങ്ങാടി ടൗണിൽനിന്ന് അധികം അകലെയല്ലാത്ത സ്ഥലത്തേക്ക് സ്റ്റേഷൻ മാറ്റേണ്ടതും അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി പൊലീസ് സ്റ്റേഷൻ നിർമ്മിക്കേണ്ടതും അനിവാര്യമാണ്. സ്റ്റേഷൻ വാഹനങ്ങളും പിടിച്ചിടുന്ന വാഹനങ്ങളും ദേശീയ പാതയോരത്ത് നിർത്തി ഇടുന്നത് പരാതിക്കിടയാക്കുന്നുണ്ട്. ഇതിന് പരിഹാരമായി പൊലീസ് സ്റ്റേഷന് പഴയ മിൽമ ചില്ലിങ് പ്ലാൻറിന് സമീപം അനുയോജ്യമായ സ്ഥലം കണ്ടെത്തി സ്റ്റേഷൻ നിർമിക്കുന്നതിന് നടപടിയുണ്ടാവണം’.
കെ.ഇ. വിനയൻ, (മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.