കൽപറ്റ: വിദ്യാർഥി സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട മേപ്പാടി പോളിടെക്നിക് കോളജില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ തഹസില്‍ദാര്‍ എം.എസ്. ശിവദാസന്റെ അധ്യക്ഷതയില്‍ വൈത്തിരി താലൂക്കില്‍ ചേര്‍ന്ന സർവകക്ഷി യോഗം തീരുമാനിച്ചു. കോളജ് ഡിസംബര്‍ 12 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാൻ നടപടി സ്വീകരിക്കും. ക്രമസമാധാനപാലനത്തിന് വിദ്യാർഥി സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരും സഹകരിക്കണം. കോളജിന്റെ ഭാഗത്തുനിന്ന് കുട്ടികളെ ബോധവത്കരിക്കുന്നതിനുള്ള നടപടികളുണ്ടാകണം. രക്ഷാകർതൃ സമിതികള്‍ ചേര്‍ന്ന് കോളജ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. പുറത്തുനിന്നുള്ളവര്‍ കോളജിലെത്തി സംഘര്‍ഷമുണ്ടാക്കുന്ന സാഹചര്യമൊഴിവാക്കണമെന്നും യോഗം നിർദേശിച്ചു.
കുട്ടികള്‍ക്ക് പരീക്ഷ എഴുതുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും. ലഹരിവിരുദ്ധ ബോധവത്കരണത്തിന് പൊലീസ്, എക്സൈസ് വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ക്ലാസുകള്‍ നടത്താനും തീരുമാനിച്ചു.
യോഗത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, പ്രിന്‍സിപ്പൽ സി. സ്വർണ, എച്ച്.ഒ.ഡി ജോണ്സണ് ജോസഫ്, ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷെരീഫ്, വാര്‍ഡ് അംഗം മിനി കുമാരി, രാഷ്ട്രീയ പാര്‍ട്ടി-വിദ്യാർഥി സംഘടന-പി.ടി.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.