മേപ്പാടി: ചൂരൽമല റോഡ് നവീകരണ പ്രവൃത്തി സംബന്ധിച്ച അനിശ്ചിതത്വം അവസാനിക്കുന്നു. റോഡ് നവീകരണത്തിനായി കിഫ്ബിയിൽനിന്ന് 26.4 കോടി രൂപ അനുവദിക്കുകയും ടെൻഡർ നടപടി പൂർത്തീകരിക്കുകയും ചെയ്തു.പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ റോഡിന്റെ ടോപ്പോ ഗ്രാഫിക് സർവേ മേപ്പാടി ടൗണിൽനിന്ന് ആരംഭിച്ചു.
സർവേ, റോഡ് ലെവലിങ് പ്രവൃത്തികൾ ഒരു മാസത്തിനുള്ളിൽ പൂർത്തീകരിച്ച് തുടർനടപടി ഉടൻ ആരംഭിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. 2018 നവംബറിൽ ടെൻഡർ ചെയ്ത് ആരംഭിച്ച റോഡ് നവീകരണ പ്രവൃത്തി പലകാരണങ്ങളാൽ പാതിവഴിക്ക് മുടങ്ങുകയായിരുന്നു. മേപ്പാടിയിൽനിന്ന് 12.8 കി.മീ. ദൂരമാണ് പ്രവൃത്തി നടത്തേണ്ടത്. ഇതിൽ ആറു കി.മീറ്ററോളം ടാറിങ് നടന്നു. ഓവുചാൽ നിർമാണംകൂടി എസ്റ്റിമേറ്റിലുണ്ടായിരുന്നെങ്കിലും തോട്ടഭൂമികൾ വിട്ടുകിട്ടാത്ത കാരണത്താൽ അത് നടക്കില്ലെന്ന് വന്നു.
റോഡ് പൊളിച്ചിട്ട ഭാഗത്തു കൂടിയുള്ള വാഹന ഗതാഗതം വർഷങ്ങളോളം ദുഷ്കരമായി തുടർന്നു. ഇതിനിടെ പല ജനകീയ പ്രക്ഷോഭങ്ങളും ഉയർന്നുവന്നു. ഒടുവിൽ പഴയ ടെൻഡർ റദ്ദാക്കിയശേഷം പുതുതായി 26.4 കോടി രൂപ കിഫ്ബി ഫണ്ട് അനുവദിച്ചു. ഊരാളുങ്കൽ സൊസൈറ്റി പ്രവൃത്തി ഏറ്റെടുക്കുകയും ചെയ്തതോടെയാണ് റോഡ് നവീകരണം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.