മാനന്തവാടി: ഉരുള്‍പൊട്ടലുണ്ടായതിനെ തുടർന്ന് പ്രവർത്തനം നിർത്തിവെപ്പിച്ച തൊണ്ടർനാട് കോറോത്തേ കരിങ്കല്‍ ക്വാറി തുടങ്ങാന്‍ വീണ്ടും അണിയറനീക്കം. തൊണ്ടർനാട് വില്ലേജിലെ 966 സര്‍വേ നമ്പറില്‍പെട്ട പാട്ടഭൂമിയിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ക്വാറിയാണ് വീണ്ടും തുറക്കാന്‍ ക്വാറിയുടമ ശ്രമങ്ങള്‍ നടത്തുന്നത്. ക്വാറി തുടങ്ങാനുള്ള സര്‍വേ സ്കെച്ച് അംഗീകാരത്തിനായി ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്. വില്ലേജിലെ കരിങ്കല്‍ ക്വാറിയില്‍ 2018ലെ ഉരുൾപൊട്ടലില്‍ വൻ നാശം സംഭവിച്ചിരുന്നു. അശാസ്ത്രീയമായി നടത്തിയ മണ്ണെടുപ്പും ഖനനവുമായിരുന്നു ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചിലിന് ഇടയാക്കിയത്.
ഇതേത്തുടര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെടുകയായിരുന്നു. പിന്നീട് കോടതി മുഖേനയുള്‍പ്പെടെ ക്വാറി തുറക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. തൊണ്ടര്‍നാട് പഞ്ചായത്ത് ഭരണസമിതിയുള്‍പ്പെടെ ക്വാറി തുറക്കുന്നതിനോട് കടുത്ത വിയോജിപ്പുള്ളതിനാലാണ് ഖനനം തുടങ്ങാന്‍ കഴിയാതെപോയത്.
ഇതിനിടെയാണ് കഴിഞ്ഞ വര്‍ഷാവസാനത്തില്‍ നേരേത്തയുള്ള ക്വാറി സ്ഥലത്തിനോട് ചേര്‍ന്ന ഭൂമികൂടി ഉള്‍പ്പെടുത്തി ക്വാറി ലീസിന് അപേക്ഷ സമര്‍പ്പിച്ചത്. ജനുവരിയിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തൊണ്ടര്‍നാട് വില്ലേജ് ഓഫിസര്‍ തഹസില്‍ദാര്‍ക്ക് നല്‍കിയത്.
ക്വാറി അനുവദിക്കുന്നതിനു മുമ്പായി വിദഗ്ധപരിശോധന നടത്തണമെന്നാണ് വില്ലേജ് ഓഫിസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കരിങ്കല്‍ക്വാറി വീണ്ടും തുറക്കുന്നതിനെതിരെ നാട്ടുകാരും പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.