കൽപറ്റ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിൽ മഴയിലും ആവേശം ഒട്ടും കുറഞ്ഞില്ല. ബുധനാഴ്ച രാത്രിയില്‍ ജില്ലയിലെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജില്ല കലക്ടര്‍ ഡോ. രേണുരാജിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക ക്ഷണിതാക്കളുമായുള്ള പ്രഭാതയോഗത്തിന് ശേഷമാണ് എസ്.കെ.എം.ജെ സ്കൂളിലെ കല്പറ്റ മണ്ഡലം നവകേരള സദസ്സിലേക്ക് മന്ത്രിമാരും മുഖ്യമന്ത്രിയും എത്തിയത്.
പരാതി സ്വീകരണ കൗണ്ടറുകള്‍ സമയക്രമങ്ങളെയെല്ലാം കവിഞ്ഞ് നീണ്ടതോടെ പരാതികള്‍ സ്വീകരിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. മുഴുവന്‍ പരാതികളും കൗണ്ടറുകളിലൂടെ സ്വീകരിക്കുകയും ഡോക്കറ്റ് നമ്പര്‍ നല്‍കുകയും ചെയ്തു. ഇവയെല്ലാം സ്കാന്‍ ചെയ്ത് നവകേരളം പ്രത്യേക പോര്‍ട്ടലില്‍ വരും ദിവസം അപ്ലോഡുചെയ്യും. ഇതിന് ശേഷം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതികള്‍ പരിഹാരത്തിനായി ഓണ്‍ലൈനായി കൈമാറും. ഡോക്കറ്റ് നമ്പര്‍ ഉപയോഗിച്ച് പരാതികളുടെ നിജസ്ഥിതികള്‍ അറിയാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വയനാടിന്റെ സമഗ്ര വികസനത്തിന് മുന്തിയ പരിഗണന -മുഖ്യമന്ത്രി
കൽപറ്റ: വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എസ്.കെ.എം.ജെ സ്കൂളില്‍ കല്പറ്റ നിയോജക മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങി എല്ലാ മേഖലകളിലും സമഗ്രമായ പദ്ധതികള്‍ നടപ്പാക്കി വരുകയാണ്.
6700 കോടി രൂപ ചെലവിലുള്ള പാക്കേജാണ് വയനാടിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ എടുത്തുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വയനാടിന് പലപ്പോഴും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയുണ്ട്. ഇതിന് പരിഹാരം കാണുന്നതിനായാണ് ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത നിർമിക്കാന്‍ തീരുമാനിച്ചത്.
തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തിെല ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. ഇതിനാവശ്യമായ മുഴുവന്‍ തുകയും സര്‍ക്കാര്‍ കിഫ്ബി വഴി കണ്ടെത്തും. തുരങ്കപാതയുടെ രൂപരേഖ തയാറാക്കാന്‍ കൊങ്കണ്‍ റെയില്‍വേ കോർപറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിക്ക് ഏകദേശം 2134 കോടി രൂപയാണ് ചെലവ് വേണ്ടിവരുക. വയനാടിന്റെ ടൂറിസം സാധ്യതയെ പൂർണമായും ഉപയോഗപ്പെടുത്തും.12 പ്രധാന ജൈന ക്ഷേത്രങ്ങളെ കൂട്ടിയിണക്കി ജെയിന് സര്‍ക്കിളിന് രൂപം കൊടുത്തിട്ടുണ്ട്. ആദിവാസി പുനരധിവാസ കേന്ദ്രം പരൂര്‍കുന്നില്‍ ഒരുങ്ങുകയാണെന്നും 110 കുടുംബങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ വീട് നല്‍കും. മെഡിക്കല്‍ കോളജില്‍ ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കി വരുകയാണ്.
ജില്ലയിലെ ആരോഗ്യരംഗത്ത് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടു. വനാശ്രിതര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കും. ചെറുകിട വനവിഭവങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള പദ്ധതി നിലവിലുള്ളതായും മുഖ്യമന്ത്രി പറഞ്ഞു. സ്വാഗതസംഘം ചെയര്മാന് സി.കെ. ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജി ചെറിയാന്, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രന്, ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ് എന്നിവര്‍ സംസാരിച്ചു.
മാനന്തവാടി: സംസ്ഥാന സർക്കാറിന്റെ നവകേരള സദസ്സ് ജനങ്ങൾ ഏറ്റെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. എല്ലാ മേഖലയിലും വികസനം സാധ്യമാക്കുന്നതിന് കാലാനുസൃതമായി മാറ്റം വരണം.
എല്ലാവരെയും ചേര്‍ത്തുകൊണ്ട് മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒാരോ സദസ്സിലും ഒഴുകി എത്തുന്ന ജനക്കൂട്ടം അതാണ് സൂചിപ്പിക്കുന്നത്. ബഹിഷ്കരിച്ചവർക്കുള്ള മറുപടികൂടിയാണ് ഇത്. ജനങ്ങൾക്കു ഉപകാരപ്പെടുന്ന എന്ത് പരിപാടി നടത്തിയാലും അത് ബഹിഷ്കരിക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേത്. കേരളസഭയും കേരളീയവും ബഹിഷ്കരിച്ചതിലൂടെ പ്രതിപക്ഷം മലയാളികളെ അപമാനിക്കുകയാണ് ചെയ്തത്.
എല്ലാ പ്രതിസന്ധികളെയും കേരളം അതിജീവിക്കും. ഒ.ആർ.കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ്, അഹമ്മദ് ദേവർകോവിൽ എന്നിവർ സംസാരിച്ചു. സബ് കലക്ടർ ആർ. ശ്രീലക്ഷ്മി സ്വാഗതവും തഹസിൽദാർ എൻ.ജെ. അഗസ്റ്റ്യൻ നന്ദിയും പറഞ്ഞു.
കൽപറ്റ: വയനാട് തുരങ്കപാത നടപടി വേഗത്തിലാണെന്നും സാങ്കേതിക പഠനവും റിപ്പോര്‍ട്ടും തയാറാക്കലും നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പ്രഭാതയോഗത്തില്‍ ക്ഷണിതാക്കളുടെ വിഷയാവതരണത്തിന് ശേഷം മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കൊങ്കണ്‍ റെയില്‍വേ ടീമിനെയാണ് ഇതിന്റെ സാങ്കേതിക പഠനത്തിനായി നിയോഗിച്ചിട്ടുള്ളത്. കർണാടകയുമായി ബന്ധപ്പെട്ട യാത്രാപ്രശ്നങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും കർണാടക അയവിന് തയാറായില്ല. കർണാടകയിലെ പുതിയ സര്‍ക്കാറുമായി പുതിയ സാഹചര്യത്തില്‍ വീണ്ടും ശ്രമിക്കും. വന്യജീവി ആക്രമണം വന്‍തോതില്‍ കൃഷിനാശത്തിന് വഴിയൊരുക്കുന്നുണ്ട്. വനം വകുപ്പും കൃഷി വകുപ്പും ചേര്‍ന്ന് ഇതിനായി പരിഹാര പദ്ധതി നടപ്പാക്കുന്നുണ്ട്.
ഇതിനായി 3.88 കോടി രൂപയുടെ ഡി.പി.ആര് തയാറാക്കി. ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി വിഭാഗം, കാത്ത് ലാബ് എന്നിവ സജമാക്കിയിട്ടുണ്ട്. കാര്‍ഡിയോളജിസ്റ്റിനെയും നിയമിച്ചിട്ടുണ്ട്. അര്‍ബുദരോഗ വിഭാഗത്തില്‍ പ്രാധാന്യ നല്‍കിയുള്ള ചികിത്സ ലഭ്യമാക്കും. സിക്കിള്‍ സെല്‍ അനീമിയ യൂനിറ്റ് നല്ല രീതിയില്‍ നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
ട്രാന്‍സ്ജെന്‍ഡര്‍ ഹോര്‍മോണ്‍ യൂനിറ്റും ജില്ലയില്‍ സ്ഥാപിക്കും. മരിയനാട് ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ടുള്ള പ്രശ്ന പരിഹാരത്തിന് ജില്ല കളക്ടറെ ചുമതലപ്പെടുത്തും. കാപ്പികര്‍ഷകരുടെ പ്രശ്നപരിഹാരങ്ങള്‍ക്കായി കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് ജില്ലയില്‍ സ്ഥാപിക്കും. കാപ്പി കര്‍ഷകര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും പദ്ധതികളും യാഥാർഥ്യമാക്കും.
കോഫി പാര്‍ക്കിന്റെ ശിലാസ്ഥാപനം ജനവരിയില്‍ നടക്കും. ഹബ് ആന്‍ഡ് സ്കോപ്പ് പദ്ധതികൂടി നടപ്പാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണകരമാകും. വയനാട്ടിലേക്കുള്ള റോപ്പ് വേ സൗകര്യം പരിശോധിക്കും. ഭിന്നശേഷി വിഭാഗത്തിന്റെ പ്രശ്ന പരിഹാരത്തിന് മുന്‍ഗണന നല്‍കും.
ജില്ലയില്‍ ശോച്യാവസ്ഥയുള്ളതും നിര്‍മാണത്തിലിരിക്കുന്നതുമായ റോഡുകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ അഭിവൃദ്ധിയും പുരോഗതിയുമുണ്ടാക്കും. പുതിയ സ്ഥാപനങ്ങള്‍ ഇനിയും യാഥാർഥ്യമാകും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കൽപറ്റ: വയനാടിന്റെ വികസനത്തിനായി ഒട്ടേറെ ആശയങ്ങളും ആവശ്യങ്ങളും നവകേരള സദസ്സ് പ്രഭാതയോഗം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുമ്പിൽവെച്ചു. വിവിധ മേഖലകളില്‍ നിന്നുമെത്തിയ അതിഥികളാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ നിരവധി ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചത്.
ജില്ലയില്‍ മെഡിക്കല്‍ കോളജിൽ നൂതന സൗകര്യങ്ങള്‍ ഒരുക്കി ആധുനിക ചികിത്സ ലഭ്യമാക്കണം. ഗോത്രമേഖലയിലെ ഭൂമി പ്രശ്നം പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണം. ഭൂരഹിത ഭവനരഹിതരുടെ പ്രശ്നപരിഹാരത്തിന് ജില്ലയില്‍ പുതിയ മിഷന് തുടങ്ങും.
കുറിച്യ -കുറുമ കുടുംബവിഭാഗങ്ങളുടെ കൂട്ടുസ്വത്ത് വിഭജനത്തിലെ നിയമ തടസ്സങ്ങള്‍ ലഘൂകരിക്കണം. യുവാക്കള്‍ക്ക് തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സ്വയംതൊഴില്‍ പ്രോത്സാഹനം വേണം. ഗോത്ര വിദ്യാർഥികളുടെ പഠനത്തിലെ കൊഴിഞ്ഞുപോക്കും ലഹരി ഉപയോഗവും നിയന്ത്രിക്കാന്‍ പദ്ധതികള്‍ വേണം. വയനാട്ടിലെ യാത്രാദുരിത പരിഹരിക്കുന്നതിന് ബദല്‍മാര്‍ഗങ്ങള്‍ വളരെ പെെട്ടന്ന് കണ്ടെത്തണം.
പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്, മൈസൂര്‍-കുട്ട സാമ്പത്തിക ഇടനാഴി യാഥാർഥ്യമാക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റത്തിന് നടപടി സ്വീകരിക്കണം. കാപ്പികര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം. ജില്ലയിലെ മൃഗശല്യം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണം.
ട്രോമ കാന്‍സര്‍ കെയര്‍, ഹൃദ്രോഗ വിഭാഗം, ട്രോമകെയര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ജില്ലയില്‍ ലഭ്യമാക്കണം. ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കള്‍ക്കുമായി ഫലപ്രദമായ തീവ്രപരിചരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ബത്തേരി ബിഷപ് ഡോ. ഗീവര്‍ഗ്ഗീസ് ബര്‍ണബാസ് മെത്രാപ്പൊലീത്ത, കോഫി ഗ്രോവേഴ്സ് അസോസിയേഷന് പ്രസിഡന്റ് പ്രശാന്ത് രാജേഷ്, സാംസ്കാരിക പ്രവര്ത്തകന് ഷറഫുദ്ദീന് അഞ്ചാംപീടിക, ഗോത്ര വര്‍ഗ പ്രതിനിധി എ.എം. പ്രസാദ്, ചേംബര്‍ ഓഫ് േകാമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്, പൂതാടി ഗ്രാമപഞ്ചായത്തംഗം രുഗ്മിണി സുബ്രഹ്മണ്യം, വ്യവസായി ബോബി ചെമ്മണ്ണൂര്‍, ആരോഗ്യ പ്രവര്ത്തകന് ഡോ. എ. ഗോകുല്‍ദേവ്, എ.ഐ. വിദന് സൂരജ്, സ്ത്രീശാക്തീകരണ അവാര്‍ഡ് ജേതാവ് സി.ഡി. സരസ്വതി, ലോക ബ്ലൈന്‍ഡ് ടെന്നീസ് താരം നിബിന് മാത്യു തുടങ്ങിയവരാണ് പ്രഭാതയോഗത്തില്‍ ക്ഷണിതാക്കളുടെ പ്രതിനിധികള്‍ക്കിടയില്‍ നിന്നും സംസാരിച്ചത്.
സുൽത്താൻ ബത്തേരി: കേന്ദ്രത്തിന്റെ ആശയങ്ങളോട് ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാത്ത സർക്കാറാണ് കേരളത്തിലുള്ളതെന്നും അതിനാൽ കേന്ദ്രസർക്കാർ കേരളത്തോട് പകയോടെ പെരുമാറുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തെ ഏറ്റവും കൂടുതൽ വരുമാനം പിരിച്ചെടുക്കുന്നത് കേന്ദ്രസർക്കാരാണ്.
അതിന്റെ വിഹിതം എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായി കൊടുക്കണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് വിവേചനപരമായാണ് പെരുമാറുന്നത്. ഇക്കാര്യത്തിൽ കേരളത്തിലെ യു.ഡി.എഫ് എം.പിമാർ കേന്ദ്രത്തെ പഴിക്കാൻപോലും തയാറാകുന്നില്ല. കിഫ്ബി വായ്പയിൽ 62000 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കേരളം നടത്തിയത്. ഈ വായ്പ സംസ്ഥാനം പൂർണമായി വഹിക്കണം എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഇതിൽ വിവേചനമുണ്ട്.
പനമരം: മുഖ്യമന്ത്രി കടന്നുപോകുന്ന കൈതക്കലിൽ തമ്പടിച്ചിരുന്ന യൂത്ത് ലീഗ് പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന സന്ദേശത്തെ തുടർന്നു കൈതക്കൽ ബസ് സ്റ്റോപ്പിന് സമീപം നിൽക്കുകയായിരുന്ന യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജീപ്പിനകത്ത് കയറ്റിയ യൂത്ത് ലീഗ് പ്രവർത്തകരെ ആസമയം അവിടെ ഉണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ പുറത്ത് നിന്നു മർദിക്കുകയായിരുന്നെന്നു യൂത്ത് ലീഗുകാർ പറഞ്ഞു. നൗഫൽ വടകര, സാലിഹ് ദയരോത്ത്, അജ്മൽ തിരുവാൾ, ബാവ എന്ന ഷാനവാസ്, ലത്തീഫ്, അർശാദ് മഞ്ചേരി തുടങ്ങിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജീപ്പിനകത്ത് ഇരിക്കുകയായിരുന്ന യൂത്ത് ലീഗ് പ്രവർത്തകരെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ബസ് സ്റ്റോപ്പിനടുത്ത് കണ്ടുനിന്ന നാട്ടുകാരും ഡി.വൈ.എഫുകാരും തമ്മിലും പിടിവലിയും നടന്നു. യൂത്ത് ലീഗ് പ്രവർത്തകർ കൈയിൽ കരുതിയിരുന്ന കറുത്ത കൊടി ഉയർത്തി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുകയും ചെയ്തു.
മാനന്തവാടി: മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കരിങ്കൊടി പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, ബി.ജെ.പി പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ വെച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
മാനന്തവാടി പാണ്ടിക്കടവിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം. നിശാന്ത്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട്, മുൻ ജില്ല ജനറൽ സെക്രട്ടറി സി.എച്ച്. സുഹൈർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷംസിർ അരണപ്പാറ, തൊണ്ടർനാട് സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട, ജില്ല ജനറൽ സെക്രട്ടറി മനാഫ് ഉപ്പി, വെള്ളമുണ്ട മണ്ഡലം പ്രസിഡന്റ് അബ്ദുൽ റഹീസ്.
പനമരത്ത് മണ്ഡലം പ്രസിഡന്റ് സിബി നീർവാരം, മുൻ ജില്ല ജനറൽ സെക്രട്ടറി റോബിൻ പനമരം, കമ്പളക്കാട് മുൻ ജില്ല സെക്രട്ടറി വി.സി. വിനീഷ്, മുൻ നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു പുത്തൻപുരക്കൽ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഒ.ടി. ഉനൈസ്, ഷിനു വടകര, അക്ഷയ് ജീസസ്, റോയ് മന്ന എന്നീ പ്രവർത്തകരെയാണ് കരുതൽ തടങ്കലിൽ അറസ്റ്റ് ചെയ്തത്.
മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ബി.ജെപി ജില്ല സെക്രട്ടറി അഖിൽ പ്രേം സി, മാനന്തവാടി നിയോജക മണ്ഡലം സെക്രട്ടറി ശ്രീജിത്ത് കണിയാരം, യുവമോർച്ച ജില്ല പ്രസിഡന്റ് കെ.ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് പനമരം പഞ്ചായത്ത് നേതാക്കളെ പനമരം പൊലീസ് കരുതൽ തടങ്കലിലാക്കി.
പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സാലിഹ് ദയരോത്ത്, ഭാരവാഹികളായ ബാവ ഷാനവാസ്, അജ്മൽ തിരുവാൾ, നൗഫൽ വടകര, സി.പി. ലത്തീഫ്, അർഷാദ് മഞ്ചേരി തുടങ്ങിയവരെയാണ് കരുതൽ തടങ്കലിലാക്കിയത്. മുഖ്യമന്ത്രിയും സംഘവും മsങ്ങിയതിന് ശേഷം രാത്രിയോടെ എല്ലാവരെയും മോചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.