മേപ്പാടി: സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ദിവസ വേതനത്തിന് ജോലി ചെയ്തുവരുന്ന തോട്ടം തൊഴിലാളികളുടെ ക്ഷാമബത്തയിൽ കാലാനുസൃതമായ മാറ്റം വരുത്തുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ മൂന്നു ഘട്ടങ്ങളിലായി രണ്ടു പൈസയുടെ വർധന മാത്രമാണെന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നത്. ക്ഷാമബത്ത വർധിപ്പിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെ തൊഴിലാളികൾക്കിടയിൽ അമർഷവും ശക്തമാണ്.
1990 വരെ ക്ഷാമബത്തയിൽ ആനുപാതിക വർധനവുണ്ടായിരുന്നു. പിന്നീട് 1996ൽ ഒരു പൈസ വർധിപ്പിച്ചു.
2008ലും 2016ലും അര പൈസ വീതം വർധിപ്പിച്ചു. മൂന്നാർ പെമ്പിളൈ ഒരുമൈ സമരത്തെത്തുടർന്നാണ് 2020ൽ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ തൊഴിലാളികളുടെ അടിസ്ഥാന ദിവസവേതനത്തിൽ 52 രൂപയുടെ വർധന വരുത്തിയത്. അപ്പോഴും നിലവിലുള്ള ക്ഷാമബത്ത തുടരാനാണ് പ്ലാന്റേഷൻ ലേബർ കമ്മിറ്റി ശിപാർശ ചെയ്തത്. തൊഴിലാളി യൂനിയൻ, മാനേജ്മെന്റ്, സർക്കാർ പ്രതിനിധികളടങ്ങിയ പ്ലാന്റേഷൻ ലേബർ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് സർക്കാറിനോട് ശിപാർശ ചെയ്യേണ്ടത്.
നിത്യോപയോഗ സാധനങ്ങളുടെ വിപണി വിലയെ അടിസ്ഥാനപ്പെടുത്തിയാണ് ക്ഷാമബത്ത നിശ്ചയിക്കുന്നത്. ഇക്കാലയളവിനുള്ളിൽ നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയും രണ്ടിരട്ടിയുമൊക്കെ വർധിച്ചെങ്കിലും ക്ഷാമബത്തയിൽ വർധനയുണ്ടായില്ല.
മൂന്നുവർഷം കൂടുമ്പോൾ കൂലി വർധന, ക്ഷാമബത്തയിൽ വർർധന എന്നിവ വരുത്തണമെന്നാണ് വ്യവസ്ഥ. തോട്ടം മേഖലയിലെ സൂപ്പർവൈസർ വിഭാഗത്തിൽപെട്ടവർക്ക് ഇക്കാലയളവിൽ ക്ഷാമബത്തയിൽ 60 പൈസ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലാളിയുടെ കാര്യത്തിൽ വ്യവസ്ഥകൾ പാലിക്കപ്പെടുന്നില്ല എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
ക്ഷാമബത്തയിൽ വർധന വേണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ നിന്ന് ഒരു തൊഴിലാളി ഹൈകോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് ലേബർ കമീഷണർ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കഴിഞ്ഞ 30 വർഷത്തിനിടെ രണ്ടു പൈസയുടെ വർധന മാത്രമാണ് ക്ഷാമബത്തയിൽ വരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടുള്ളത്. വർധന വേണമെന്ന് ഇക്കാലയളവിനുള്ളിൽ ഒരു ട്രേഡ് യൂനിയനും ആവശ്യപ്പെട്ടിട്ടില്ലെന്നും കമീഷണറുടെ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട് എന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളിയുടെ ഹരജി ഹൈകോടതി തള്ളുകയായിരുന്നു.
ക്ഷാമബത്തയിൽ വർധന വരുത്താൻ വേണ്ടത്ര വില വർധനയുണ്ടായിട്ടില്ലെന്ന വിചിത്ര വാദമാണ് പി.എൽ.സി അംഗീകരിച്ചതെന്നും അക്കാരണത്താലാണ് ക്ഷാമബത്ത വർധന ചർച്ച ചെയ്യപ്പെടാത്തതെന്ന ആക്ഷേപവും തൊഴിലാളികൾക്കിടയിലുണ്ട്.
ജീവിതച്ചെലവ് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ ക്ഷാമബത്ത വർധിപ്പിക്കാത്തത് കടുത്ത അനീതിയും വ്യവസ്ഥകളുടെ ലംഘനവുമാണെന്ന് എച്ച്.എം.എസ് ജില്ല ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ ‘മാധ്യമ’ ത്തോട് പറഞ്ഞു. ക്ഷാമബത്ത വർധിപ്പിക്കാനാവശ്യമായ ചർച്ചയും തീരുമാനവും അടിയന്തരമായി ഉണ്ടാകണമെന്നാണ് തോട്ടം മേഖലയിൽനിന്ന് ഉയരുന്ന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.