മാനന്തവാടി: സംസ്ഥാന സർക്കാറിന്റെ കാരുണ്യ ഇൻഷുറൻസ് പദ്ധതി നിലച്ചതോടെ ഡയാലിസിസ് രോഗികൾ കടുത്ത ദുരിതത്തിൽ. ഏപ്രിൽ മുതലാണ് ഇൻഷുറൻസ് പരിരക്ഷ ഇല്ലാതായത്. വർഷം ഒരു കുടുംബത്തിന് മൂന്ന് ലക്ഷം രൂപയുടെ പരിരക്ഷയാണ് കിട്ടിയിരുന്നത്. ജില്ല പഞ്ചായത്തിന്റെ ജീവനം പദ്ധതി പ്രകാരമുള്ള ആനുകൂല്യവും ലഭിച്ചിരുന്നു. ഇതും നിലവിൽ ലഭ്യമല്ല. 85 രോഗികളാണ് മാനന്തവാടി മെഡിക്കൽ കോളജ് ഡയാലിസിസ് സെന്ററിൽ ഡയാലിസിസിന് വിധേയമാകുന്നത്. ആഴ്ചയിൽ രണ്ടും മൂന്നും തവണ ഡയാലിസിസിന് വിധേയരാകുന്ന രോഗികൾ ഉണ്ട്. ഇവർ ഓരോ തവണയും 650 രൂപയാണ് നൽകിവരുന്നത്. നിർധന രോഗികൾക്ക് ഇത് താങ്ങാവുന്നതിലുമപ്പുറമാണ്. ലാബ് പരിശോധനകൾക്കുള്ള പണംകൂടി കണ്ടെത്തേണ്ട ഗതികേടിലാണ് രോഗികൾ. മാനന്തവാടി മെഡിക്കൽ കോളജിൽ കോവിഡ് സെന്ററിലടക്കം 18 ഡയാലിസിസ് യന്ത്രങ്ങളാണുള്ളത്. ഇത് നിയന്ത്രിക്കുന്നതിന് എട്ട് ടെക്നീഷ്യൻമാരും 12 നേഴ്സുമാരുമാണ് ഉള്ളത്. ഇവരുടെ സേവനം ഒരുമിച്ച് കിട്ടാത്തതിനാൽ ഡ്യൂട്ടിയിൽ ഉള്ളവർ അമിതജോലി ചെയ്യേണ്ട സ്ഥിതിയും നിലവിലുണ്ട്. രോഗികളുടെ ഇൻഷുറൻസ് പരിരക്ഷ പുനഃസ്ഥാപിക്കുകയോ പകരം സംവിധാനം ഏർപ്പെടുത്താനോ അധികൃതർ തയാറായില്ലെങ്കിൽ നിർധന രോഗികളുടെ ഡയാലിസിസ് മുടങ്ങുന്ന സ്ഥിതിയിലേക്ക് നീങ്ങും.
അതേസമയം, ഡയാലിസിസ് രോഗികൾക്കുള്ള ജീവനം പദ്ധതി പഞ്ചായത്തുകൾ വഴിയാണ് നടപ്പാക്കേണ്ടത് എന്ന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. ഡയാലിസിസ് കേന്ദ്രങ്ങൾക്കാണ് പഞ്ചായത്തുകൾ തുക കൈമാറേണ്ടത്. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത രോഗികൾക്ക് മാത്രമാണ് ഈ ആനുകൂല്യം നൽകേണ്ടതെന്നും നിർദേശിച്ചിരുന്നു. തുക കേന്ദ്രങ്ങൾക്ക് കൈമാറുന്നതിന് പകരം രോഗികൾക്ക് നേരിട്ട് നൽകാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് സർക്കാറിന് കത്ത് നൽകിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.