കൽപറ്റ: ജനറൽ ആശുപത്രിയിൽ മരുന്ന് വാങ്ങാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരുന്നതിനാൽ രോഗികൾ ദുരിതത്തിൽ. രാവിലെ എട്ടു മണിക്കെത്തി ചീട്ടെടുത്തു ഡോക്ടറെ കാണുന്നവരും മരുന്ന് വാങ്ങാൻ മണിക്കൂറുകൾ ക്യൂനിൽക്കേണ്ടി വരുന്നു. രണ്ടും മൂന്നും മണിക്കൂർ കാത്തുനിന്നാൽ മാത്രമാണ് മരുന്ന് ലഭിക്കുന്നത്.
ലക്ഷക്കണക്കിന് മരുന്നുകളുടെ സ്റ്റോക്കുള്ള, 1500ന് മുകളിൽ രോഗികൾ ദിവസവും മരുന്ന് വാങ്ങാൻ എത്തുന്ന ഫാർമസിയാണ് ജനറൽ ആശുപത്രിയിലേത്. എന്നാൽ, നിലവിൽ നാലു ഫാർമസിസ്റ്റ് മാത്രമാണ് മരുന്ന് വിതരണം ചെയ്യാൻ ഇവിടെയുള്ളത്. കഴിഞ്ഞ മാസം അവസാനം വരെ ഏഴുപേരുണ്ടായിരുന്നു. നഗരസഭ നിയമിച്ച രണ്ടു ഫാർമസിസ്റ്റുകളെ മാർച്ച് 31നു പെട്ടെന്ന് പിരിച്ചുവിടുകയും ഒരാൾ ലീവിൽ പോവുകയും ചെയ്തു. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പെട്ടെന്ന് രണ്ടുപേരെ പിരിച്ചുവിട്ടപ്പോൾ പകരം ഫാർമസിസ്റ്റുകളെ നിയമിക്കാത്തതിനാൽ വരും ദിവസങ്ങളിലും മരുന്ന് വിതരണം കൂടുതൽ വൈകാൻ സാധ്യതയുണ്ട്. ഫാർമസിസ്റ്റിനെ നിയമിക്കാൻ വഴികൾ ഉണ്ടായിട്ടും മുഖംതിരിക്കുന്ന സമീപനമാണ് ഹോസ്പിറ്റൽ സൂപ്രണ്ടിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്.
ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ഫാർമസിസ്റ്റിനെ നിയമിക്കുമ്പോൾ കൽപറ്റ ജനറൽ ആശുപത്രിയിൽ ഫണ്ടില്ലെന്ന കാരണമാണ് തടസ്സമായി ഉന്നയിക്കുന്നത്. എന്നാൽ, ദിവസവും 10 രൂപക്ക് ഒ.പി ചീട്ടു എടുക്കുന്ന ആളുകൾ രണ്ടു മണിക്കൂറിലധികം ഫാർമസിക്കു മുന്നിൽ മരുന്നിനുവേണ്ടി നിൽക്കേണ്ടി വരുന്നു. സാധാരണക്കാരായ രോഗികളിൽനിന്ന് പിരിച്ചെടുക്കുന്ന വരുമാനമാണ് എച്ച്.എം.സിക്കുള്ളത്. അത് അടിസ്ഥാന ആവശ്യങ്ങൾക്ക് വിനിയോഗിക്കാതെ രോഗികളെ ദുരിതത്തിലാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ആർ.എസ്.ബി.വൈ സ്കീമിൽ ഫർമസിസ്റ്റിനെ നിയമിക്കാൻ ഇന്റർവ്യൂ നടത്തിയ ലിസ്റ്റ് ഉണ്ടായിട്ടും അകാരണമായി നീട്ടിക്കൊണ്ടു പോവുകുകയാണെന്ന ആക്ഷേപമുണ്ട്. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിക്ക് സ്റ്റാഫുകളെ നിയമിക്കാൻ അധികാരമുണ്ടായിരിക്കെ അനവധി രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയിൽ ഒരു ഫാർമസിസ്റ്റിനെ പോലും നിയമിക്കുന്നില്ല. ഫാർമസിയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് രോഗികളുടെ പ്രയാസം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.