സുൽത്താൻ ബത്തേരി: വയനാടൻ കാടുകളിൽ കഴുകന്മാരുടെ കണക്കെടുപ്പ് തുടരുന്നു. വയനാട് വന്യജീവി സങ്കേതത്തിനു പുറമേ നോർത്ത് വയനാട്, സൗത്ത് വയനാട് ഡിവിഷനുകളിലും സർവേ നടത്തുന്നുണ്ട്. വനംവകുപ്പ് നേതൃത്വം വഹിക്കുന്ന കണക്കെടുപ്പിൽ തൃശൂർ കോളജ് ഓഫ് ഫോറസ്ട്രി, പൂക്കോട് വൈൽഡ് ലൈഫ് സെന്റർ, മീഞ്ചന്ത ആർട്സ് കോളജ്, ഫാറൂഖ് കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളും പക്ഷി നിരീക്ഷകരും പങ്കെടുക്കുന്നുണ്ട്.
കേരളത്തിൽ വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാർ വയനാട്ടിൽ മാത്രമാണ് അവശേഷിക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തിൽ കുറിച്യാടും മുത്തങ്ങയിലെ കാക്കപ്പാടത്തുമാണ് കൂടുതൽ കഴുകൻ സാന്നിധ്യമുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാട്ടാനയുടെയും കാട്ടുപോത്തിന്റെയുമൊക്കെ അഴുകിയ ജഡങ്ങൾക്കു മേൽ കഴുകൻകൂട്ടമിരിക്കുന്നത് മുത്തങ്ങ വനത്തിൽ സ്ഥിരം കാഴ്ചയാണ്. വയനാട്ടിൽ പ്രധാനമായും ചുട്ടിക്കഴുകനും കാതിലക്കഴുകനുമാണ് കാണപ്പെടുന്നത്.
കഴിഞ്ഞ വർഷം നടത്തിയ സർവേയിൽ 83 ചുട്ടിക്കഴുകനും 12 കാതിലക്കഴുകനുമുണ്ടെന്നാണു കണക്ക്. നവംബർ മുതൽ ഏപ്രിൽ വരെയാണു കഴുകൻമാരുടെ പ്രജനന കാലം. ഈ സമയത്തുതന്നെയാണ് കണക്കെടുപ്പും നടക്കുന്നത്. വയനാട്ടിൽ ആകെ 24 സർവേ ലൊക്കേഷനുകളാണ് കണക്കെടുപ്പിനായി തിരഞ്ഞെടുത്തിട്ടുള്ളത്. മൂന്ന് അംഗങ്ങൾ വീതമുള്ള 24 ഗ്രൂപ്പുകളാണ് കണക്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.