വെള്ളമുണ്ട: ഗ്രാമപഞ്ചായത്തിലെ കോളനിവാസികൾക്ക് ഓണാഘോഷത്തോടനുബന്ധിച്ച് ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ഓണപ്പുടവ വിതരണം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രുതി രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. വാർഡ് മെംബർ സീനത്ത് വൈസൻ അധ്യക്ഷത വഹിച്ചു. ജനമൈത്രി എക്സൈസ് മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ സനിൽ സ്വാഗതം പറഞ്ഞു. അസി. എക്സൈസ് ഇൻസ്പെക്ടർ ശശി, എക്സൈസ് ഓഫിസർമാരായ പി. വിജേഷ് കുമാർ, അജേഷ്, കോളനിവാസികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
കണിയാമ്പറ്റ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്ക് പുറമെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പൂർവവിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ‘ഒരുമയോണം’ എന്ന പേരിൽ വ്യത്യസ്തമായ മത്സരപരിപാടികൾ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക സ്മിത ശ്രീധരൻ ഉദ്ഘാടനം ചെയ്തു. അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡൻറ് വി. മുജീബുറഹ്മാൻ അധ്യക്ഷത വഹിച്ചു.
എം.പി.ടി.എ പ്രസിഡൻറ് ഷഹർബാനു, സീനിയർ അസി. എൻ. അബ്ദുൽഗഫൂർ, സ്റ്റാഫ് സെക്രട്ടറി നിഷ വടക്കേടത്ത്, സംഘാടക സമിതി കൺവീനർ അജ്മൽ കക്കോവ്, പി.കെ. ഹരീഷ് കുമാർ, സുമിത്ത് ശ്രീധർ, ആർ.എൽ. റീന, ലീന ജനാർദനൻ, എൽബി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
മാനന്തവാടി: കാണം വിറ്റും ഓണമുണ്ണണമെന്ന പഴമൊഴി അന്വർഥമാക്കി നാടും നഗരവും ഉത്രാടപ്പാച്ചിലിലമർന്നു. മാനന്തവാടി നഗരത്തിൽ ഗാന്ധി പാർക്കിൽ പച്ചക്കറികളും തുണിത്തരങ്ങളും സെന്റ് ജോസഫ് റോഡിൽ പൂവുകളും വിൽപനക്കെത്തിച്ചു. വഴിയോര കച്ചവടവും സജീവമായി. എല്ലായിടത്തും വൻതിരക്കാണ് അനുഭവപ്പെട്ടത്. ഓണക്കോടിയും പൂക്കളും വാങ്ങാനായിരുന്നു തിരക്ക്. പച്ചക്കറിക്ക് തീവിലയായത് വിൽപനയെ ബാധിച്ചു. ചിലയിടങ്ങളിൽ സാധനങ്ങൾക്ക് ഇരട്ടിവില ഈടാക്കിയതായും പരാതിയുണ്ട്. തിരക്ക് നിയന്ത്രിക്കാൻ പൊലീസും രംഗത്തുണ്ടായിരുന്നു.
മാനന്തവാടി: മാറാവ്യാധിയിൽ അകപ്പെട്ടവരെ ഒരുകൈ സഹായിക്കാൻ ഗ്രാമത്തിൽനിന്ന് ഓണത്തപ്പനും സംഘവും മാനന്തവാടി നഗരത്തിലെത്തി. പിലാക്കാവ് മണിയൻകുന്ന് ശ്രേയസ്സ് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിലാണ് ഓണത്തപ്പനും കരടിയും പുലികളുമായുള്ള പത്തംഗ സംഘം തിങ്കളാഴ്ച ഉച്ചയോടെ നഗരത്തിൽ എത്തിയത്. പ്രദേശവാസിയായ പ്രിയേഷാണ് മാവേലിയുടെ വേഷം കെട്ടിയത്. വർഷങ്ങളായി ചാണക്യ ക്ലബായിരുന്നു നേതൃത്വം നൽകിയിരുന്നത്. ക്ലബ് പ്രവർത്തനം നിലച്ചതോടെ ഒരുകൂട്ടം യുവാക്കൾ ചേർന്ന് സ്വാശ്രയ സംഘം രൂപവത്കരിക്കുകയായിരുന്നു. പുലികളിയിലൂടെ ലഭിക്കുന്ന തുക നിർധന രോഗികൾക്ക് നൽകാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.