വെള്ളമുണ്ട: ഓൺലൈൻ ട്രയൽ ക്ലാസുകൾ ഒരു മാസം പിന്നിടുമ്പോൾ നടക്കുന്നതൊന്നും അറിയാതെ ആദിവാസി കുട്ടികൾ. ഒന്നാം തരംഗത്തിൽ കോളനികളോട് ചേർന്ന് പഠന കേന്ദ്രങ്ങൾ ഒരുക്കിയിരുന്നെങ്കിൽ ഇത്തവണ ഒരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ജില്ലയിലെ പിന്നാക്ക ആദിവാസി മേഖലകളില്‍ എൽ.പി, യു.പി തലത്തിലെ എല്ലാ വിദ്യാര്‍ഥികളും പരിധിക്ക് പുറത്തുതന്നെയാണ്. ഹൈസ്കൂൾ തലത്തിലെ കുട്ടികൾ മാത്രമാണ് ഓൺലൈൻ ക്ലാസുകളിൽ നാമമാത്രമായി പങ്കെടുക്കുന്നത്.
മൂന്നു ക്ലാസിലെ വിദ്യാർഥികളെ ഒറ്റ ഗ്രൂപ്പിലുൾപ്പെടുത്തി അധ്യാപകർ നടത്തുന്ന ക്ലാസുകളിലും പങ്കാളിത്തം നാമമാത്രമാണ്. നൂറിനടുത്ത വിദ്യാർഥികളെ ചേർത്ത് നടത്തുന്ന ക്ലാസുകളും പലപ്പോഴും വിദ്യാർഥികളുടെ ബഹളത്തെ തുടർന്ന് പ്രഹസനമാവുന്നതായി രക്ഷിതാക്കൾ പറയുന്നു.
വാട്സ്ആപ് ഗ്രൂപ്പുവഴിയുള്ള പഠനവും ഉപയോഗത്തിലെ അശാസ്ത്രീയത കാരണം ഉപകാരപ്പെടുന്നില്ല. നൂറു കുട്ടികൾ കൂട്ടത്തോടെ മെസേജും ശബ്ദവും അയക്കുന്നതോടെ സാധാരണ ഫോണുകളിൽ മിക്കതും ഹാങ്ങായി തുടർന്ന് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാവുന്ന പരാതിയും വ്യാപകമാണ്. യു.പിയിലും ഹൈസ്കൂളിലും പഠിക്കുന്ന രണ്ട് കുട്ടികളുള്ള രക്ഷിതാക്കൾ തുടർച്ചയായ ഓൺലൈൻ ക്ലാസിൽ കയറാനാവാതെ ആശങ്കയിലുമാണ്.ഒന്നാം ഘട്ടത്തില്‍ നിരവധി കുട്ടികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പുറത്തായിരുന്നു.
തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ജനപ്രതിനിധികളും ക്രമീകരിച്ച പഠനമുറികളിലേക്ക് മറ്റു കുട്ടികള്‍ നേരത്തേതന്നെ എത്തിയിരുന്നെങ്കിലും ആദിവാസി വിദ്യാർഥികളുടെ പങ്കാളിത്തം അന്നും തുടക്കത്തിൽ മാത്രമാണ് ഉണ്ടായിരുന്നത്.
ഓണ്‍ലൈന്‍ പഠനത്തിലൂടെ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായെങ്കിലും ഗ്രാമപ്രദേശങ്ങളിൽ കുട്ടികൾക്ക് ഉപകാരപ്പെടുന്നില്ല എന്ന് ഇത്തവണയും പരാതി ഉയർന്നിരുന്നു.
പല സ്ഥലങ്ങളിലും വൈദ്യുതി പണിമുടക്കുന്നതും ഇൻറർനെറ്റിെൻറ വേഗം കുറവും വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തേ നടന്ന ക്ലാസുകളെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇത്തവണ ട്രയൽ തുടങ്ങിയത്. വൈദ്യുതിയും ഇൻറര്‍നെറ്റും ഇല്ലാത്ത പിന്നാക്ക മേഖലകളിലെ കുട്ടികള്‍ ക്ലാസുകള്‍ക്ക് പുറത്താണ്.
ഇവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ബദല്‍ സംവിധാനമെത്തിക്കാനുള്ള ശ്രമം നടന്നുവരുകയാണെന്ന് വിവിധ വകുപ്പുകള്‍ പറയുന്നു.ടി.വിയോ ഓണ്‍ലൈന്‍ സംവിധാനമോ ഇല്ലാത്തിടങ്ങളിൽ പി.ടി.എയുടെയും കുടുംബശ്രീയുടെയും സഹായത്തോടെ അതത് പ്രദേശങ്ങളിലെ പൊതുയിടങ്ങൾ കേന്ദ്രീകരിച്ച് തുടങ്ങിയ ബദൽ സംവിധാനങ്ങൾ ഇന്ന് അടഞ്ഞുകിടക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസിന് പുറമേ, അധ്യാപകര്‍ ഫോണിലൂടെ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് പഠനം ശ്രദ്ധിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും എങ്ങനെ പ്രാവർത്തികമാക്കും എന്ന ആശങ്കയിലാണ് അധ്യാപകരും.
റേഞ്ച് തേടി വനത്തിൽ
പുല്പള്ളി: ഗ്രാമപഞ്ചായത്തിലെ ചേകാടിയില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാത്തത് വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്നു. ചേകാടിയിലെ ചന്ദ്രോത്ത്, പൊളന്ന, കുണ്ടുവാടി തുടങ്ങിയ കോളനികളില്‍ ടെലിവിഷനോ, മൊബൈൽ നെറ്റ്വര്‍ക്കോ ഇല്ല.
എസ്.എസ്.എല്‍.സി വിദ്യാര്‍ഥികൾ ഉൾപ്പെടെ ഓൺലൈൻ പഠനത്തിനായി പ്രയാസപ്പെടുകയാണ്. പുല്പള്ളി വിജയ ഹയര്‍ സെക്കൻഡറി സ്കൂളിലാണ് ഇവിടുത്തെ യു.പി, ഹൈസ്കൂള്‍ കുട്ടികള്‍ പഠിക്കുന്നത്. ഈ കോളനിയിലെ കുട്ടികള്‍ ഇപ്പോള്‍ ചന്ദ്രോത്ത് പാളക്കൊല്ലിയിലെ ആള്‍ട്ടര്‍നേറ്റ് സ്കൂളിനെയാണ് പഠനത്തിനായി ആശ്രയിക്കുന്നത്.
ടെലിവിഷനും മറ്റു സംവിധാനങ്ങളും കുട്ടികള്‍ക്കായി ഇവിടെ സജ്ജമാക്കിയിട്ടുണ്ടെങ്കിലും മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാത്തതാണ് പ്രധാന പ്രശ്നം.
വനപാതകളിലും ഒഴിഞ്ഞ വനമേഖലകളിലുമെല്ലാം ഇവിടുത്തെ കുട്ടികള്‍ റേഞ്ച് തേടി പോകേണ്ട അവസ്ഥയാണ്. പകല്‍പോലും കാട്ടാനശല്യം രൂക്ഷമായ പ്രദേശമാണിത്. ടെലിവിഷന്‍ സൗകര്യം ആള്‍ട്ടര്‍നേറ്റ് സ്കൂളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വിദ്യാര്‍ഥികളെ മോണിറ്ററിങ് ചെയ്യാനുള്ള ഒരു സംവിധാനം അനിവാര്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മാനന്തവാടി: മൊബൈല്‍ നെറ്റ്വര്‍ക്ക് സംവിധാനം പൂര്‍ണമായും തകരാറിലാണെങ്കിലും പഠനം മുടക്കാന്‍ ആദിവാസികളടക്കമുള്ള വിദ്യാഥികള്‍ തയാറല്ല. മൊബൈല്‍ ഫോണും പുസ്തകവുമായി പഠിക്കാന്‍ കുട്ടികള്‍ കുന്നിനു മുകളിലും പാലത്തിലും വരെ എത്തുന്നുണ്ട്. വനത്താല്‍ ചുറ്റപ്പെട്ട തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മൊബൈല്‍ സംവിധാനം തകരാറിലായതിനാല്‍ വിദ്യാഥികളുടെ പഠനം അവതാളത്തിലാണ്.
ഇവിടങ്ങളിൽ വിദ്യാഥികള്‍ നെറ്റ്വര്‍ക്ക് സംവിധാനം ലഭിക്കുന്ന ഇടം തേടി കിലോമീറ്ററുകള്‍ താണ്ടിയാണ് പഠനം തുടരുന്നത്. പനവല്ലിയിലും പരിസര പ്രദേശങ്ങളിലുമുള്ള ആദിവാസികളടക്കമുള്ള വിദ്യാഥികള്‍ മെബൈല്‍ റേഞ്ചുള്ള പനവല്ലി പാലത്തിനു മുകളിലും ആദണ്ടകുന്നിന് മുകളിലും എത്തിയാണ് പഠനം നടത്തുന്നത്. പാലത്തിനു മുകളില്‍ ഇരുന്നും ആദണ്ടകുന്നില് താല്‍ക്കാലികമായി നിർമിച്ച ഷെഡിലിരുന്നുമാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പഠനം നടത്തുന്നത്.
ആദിവാസി കോളനികളായ റസ്സല്‍കുന്ന്, പുഴക്കര, ആദണ്ട, കൊല്ലി, എ.കെ.എസ് മിച്ചഭൂമി എന്നിവിടങ്ങളിലെ വിദ്യാഥികളും പൊതുവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളുമാണ് കിലോമീറ്ററുകള്‍ കാല്‍നടയാത്ര ചെയ്ത് മൊബൈല്‍ ഫോണ്‍ റേഞ്ചുള്ള സ്ഥലങ്ങളില്‍ എത്തുന്നത്.
ആദണ്ടകുന്നില് പഠിക്കാന്‍ എത്താനാണ് വിദ്യാഥികള്‍ക്ക് ഏറെ ബുദ്ധിമുണ്ട്. കുത്തനെയുള്ള ഒരു കിലോമീറ്ററോളം ദൂരം കയറ്റം കയറി വേണം ഇവിടെ എത്താന്‍. ഇരുന്ന് പഠിക്കാനായി കുട്ടികള്‍ തന്നെ ഒരു ഷെഡ് നിര്‍മിച്ച് മരകൊമ്പുകള്കൊണ്ട് ഇരിപ്പിടവുമുണ്ടാക്കി അതിലിരുന്നാണ് പഠനം നടത്തുന്നത്. കഴിഞ്ഞ ദിവസം കാട്ടാന ഷെഡ് തകര്‍ത്തെങ്കിലും വിദ്യാഥികള്‍ ഷെഡ് പുനര്‍നിര്‍മിച്ചു.
ആറാം ക്ലാസ് മുതല്‍ പ്ലസ് ടു, ബിരുദം, നഴ്സിങ് വിദ്യാഥികള്‍ വരെ പഠിക്കാനായി ഇവിടെ എത്തുന്നുണ്ട്. വൈകുന്നേരമായാല്‍ കാട്ടാന, കടുവ അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാല്‍ കുട്ടികളോടൊപ്പം സംരക്ഷണത്തിനായി രക്ഷിതാക്കളും എത്തുന്നുണ്ട്. പനവല്ലി പ്രദേശത്തിെൻറ ചുറ്റുഭാഗവും വലിയ കുന്നുകളാണ്. താഴ്ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ മറ്റു സ്ഥലങ്ങളിലുള്ള മൊബൈല്‍ ടവറുകളില്‍നിന്നുള്ള റേഞ്ച് വല്ലപ്പോഴും മാത്രമാണ് ലഭിക്കുന്നത്. പനവല്ലിയില്നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള അപ്പപ്പാറയിലും ആറ് കിലോമീറ്റര്‍ അകലെയുള്ള കാട്ടിക്കുളത്തുമാണ് മൊബൈല്‍ ടവറുകളുള്ളത്.
താഴ്ന്ന് കിടക്കുന്ന പനവല്ലിയില്‍ ടവര്‍ സ്ഥാപിച്ചാല്‍ മാത്രമേ വിദ്യാഥികള്‍ക്ക് തടസ്സങ്ങളില്ലാതെ പഠനം നടത്താനാകൂ.
ഏറ്റവും പിന്നാക്കം നില്ക്കുന്ന ആദിവാസികളും തൊഴിലാളികളും ഉള്‍പ്പെടുന്ന തിരുനെല്ലി പഞ്ചായത്തില്‍ പകുതിയില്‍ അധികം ഭാഗവും വനവും തോട്ടവുമാണ്. മൊബൈല്‍ ടവറുകളും കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.