കൽപറ്റ: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ സംസ്ഥാനത്തുടനീളം യുവജന കമീഷന്റെ നേതൃത്വത്തില്‍ കാമ്പയിന് സംഘടിപ്പിക്കുമെന്ന് അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു. കല്പറ്റ പി.ഡബ്ല്യു.ഡി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമീഷന് അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സംബന്ധിച്ച് പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് യുവജന കമീഷന് പ്രത്യേക ബോധവത്കരണ കാമ്പയിന് നേതൃത്വം നല്‍കുന്നത്. കലാലയങ്ങള്‍, ക്ലബ്ബുകള്‍, യുവജനങ്ങള്‍ക്ക് പ്രാധാന്യമുള്ള മറ്റ് ഇടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ബോധവത്കരണം വ്യാപിപ്പിക്കുക. തട്ടിപ്പുകള്‍ തടയുന്നതിന് സൈബര്‍ ഡോമിന്റെ കീഴില്‍ ഒരു പ്രത്യേക ടീമിനെ നിയോഗിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ശിപാര്‍ശ നല്‍കുമെന്നും ചിന്ത ജെറോം പറഞ്ഞു.
ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിന്നും ലഭിച്ച പരാതിയില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തട്ടിപ്പ് നടത്തുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അദാലത്തില്‍ സൈബര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ കമീഷന് കൈമാറി. യുവജനങ്ങളിലെ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന വിമുക്തി മിഷനുമായി സഹകരിച്ച് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും. ബാങ്ക് വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട പരാതിയില്‍ ബാങ്ക് മാനേജര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ കമീഷന് സ്വീകരിച്ചു. ജില്ലാതല അദാലത്തില്‍ 20 കേസുകള്‍ യുവജന പരിഗണിച്ചു. 16 കേസുകള്‍ തീര്‍പ്പാക്കി. നാലു കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
പുതിയ പരാതികളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കമീഷനംഗങ്ങളായ കെ. റഫീഖ്, കെ.കെ വിദ്യ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ പ്രകാശ് പി. ജോസഫ്, അസിസ്റ്റന്റ് പി. അഭിഷേക് തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.