കൽപറ്റ: ഓൺലൈൻ വായ്പ ആപ് തട്ടിപ്പ് കേസിലെ പ്രതിയെ വാരാണസിയിൽനിന്ന് വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ യുവാവിന് രേഖകൾ ഒന്നും ഇല്ലാതെ വായ്പ നൽകാം എന്ന് വിശ്വസിപ്പിച്ച് വിവിധ ഓൺലൈൻ ആപുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിച്ചായിരുന്നു തട്ടിപ്പ്. ഇതിലൂടെ ലക്ഷങ്ങളുടെ ബാധ്യത വരുത്തുകയും തുടർന്ന് പരാതിക്കാരനെയും സുഹൃത്തുക്കളെയും ഫോൺ, വാട്സ്ആപ് വഴി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘത്തിലെ അതുൽ സിങ് (19) എന്നയാളെയാണ് വാരാണസിക്ക് സമീപത്തെ ബദോഹി ഗ്രാമത്തിൽനിന്ന് അറസ്റ്റ് ചെയ്തത്.
പരാതിക്കാരന് ഈ വർഷാദ്യം ഓൺലൈൻ വഴി നിബന്ധനകൾ ഒന്നും ഇല്ലാതെ ലോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് ലോൺ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയായിരുന്നു. അനുവദിച്ച വായ്പയിൽനിന്ന് ഉടൻതന്നെ സർവിസ് ചാർജ് ആയി വലിയ തുക പിടിച്ചുവെച്ചു. പിന്നീട് ഒരാഴ്ചക്കകം ലോൺ തിരിച്ചടക്കാൻ ആവശ്യപ്പെട്ടു. അതിനു കഴിയാതെ വന്നതോടെ മറ്റു ലോൺ ആപ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് വീണ്ടും വായ്പ അനുവദിച്ചു. ഈ പണംകൊണ്ട് പഴയ ലോൺ ക്ലോസ് ചെയ്യിച്ചുമാണ് തട്ടിപ്പുകാർ പരാതിക്കാരനെ കടക്കെണിയിലേക്ക് തള്ളിയിട്ടത്.
എടുക്കുന്ന വായ്പക്ക് ഒരു മാസത്തിനുള്ളിൽതന്നെ 100 ശതമാനം പലിശയാണ് ഈടാക്കുന്നത്. ലോൺ ആപ് ഇൻസ്റ്റാൾ ചെയ്യുന്ന സമയം ആപ് വഴി ചതിയിലൂടെ തട്ടിയെടുക്കുന്ന മൊബൈൽ ഫോണിലെ കോൺടാക്ട് അടക്കമുള്ള സ്വകാര്യ വിവരങ്ങൾ വെച്ചാണ് പിന്നീട് ഇവർ ഭീഷണിപ്പെടുത്തുക. നിയമ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയും വായ്പ എടുത്ത ആളുടെ മാന്യത തകരുന്ന വിധം മറ്റ് കോൺടാക്ടുകളിലേക്കു മെസേജ് അയച്ചും സമ്മർദത്തിലാക്കും. വായ്പ എടുത്ത ആളുകളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോൺ ചെയ്തും അനാവശ്യ ഗ്രൂപ്പുകളിൽ ആഡ് ചെയ്തും ഇവർ ഇരകളെ മുൾമുനയിൽ നിർത്തും.
തട്ടിപ്പുസംഘത്തിെൻറ ഭീഷണിക്ക് വഴങ്ങി മറ്റു ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തും സ്വർണാഭരണങ്ങൾ വിറ്റുമൊക്കെയാണ് പലരും ഈ കടം വീട്ടുന്നത്. സംസ്ഥാന വ്യാപകമായി നിരവധിയാളുകളെ ഇത്തരം തട്ടിപ്പുസംഘങ്ങൾ കടക്കെണിയിൽ വീഴ്ത്തിയിട്ടുണ്ട്. അനാവശ്യ ആപുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഒഴിവാക്കണമെന്നും വായ്പക്ക് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്നും പൊലീസ് ഓർമിപ്പിക്കുന്നു. കെണിയിൽ പെട്ടാൽ പരിഭ്രമിക്കാതെ നിയമ സഹായം തേടണമെന്നും പൊലീസ് അറിയിച്ചു. വയനാട് സൈബർ സ്റ്റേഷനിലെ ഇൻസ്പെക്ടർ പി.കെ. ജിജീഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ കെ.എ. സലാം, പി.എ. ഷുക്കൂർ, റിജോ ഫെർണാണ്ടസ്, ജബലു റഹ്മാൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ ഉത്തർ പ്രദേശിൽനിന്ന് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.