പനമരം: പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരം മാലിന്യങ്ങൾ നിറഞ്ഞ് കുപ്പത്തൊട്ടിയായി. ടൗണിൽ പല സ്ഥലങ്ങളും മാലിന്യം തള്ളുന്ന ഇടങ്ങളായി. പഞ്ചായത്ത് ലക്ഷക്കണക്കിനു രൂപ മുടക്കി കരിമ്പുമ്മൽ മുതൽ പാലം അപ്രോച്ച് റോഡ് വരെ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ, മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടിയെടുക്കാൻ അധികൃതർക്ക് കഴിയുന്നില്ല. പല കാമറകളും പ്രവർത്തിക്കുന്നില്ലെന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ 2020ൽ എല്ലാ വാർഡുകളിലും ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, പലതിലും പ്ലാസ്റ്റിക് കുപ്പികൾ നിറഞ്ഞുകവിഞ്ഞ നിലയിലാണ്. ചിലവ കാടുമൂടിയ അവസ്ഥയിലും. ബൂത്തുകൾ സ്ഥാപിക്കുകയല്ലാതെ ഇതുവരെ മാലിന്യം നീക്കിയിട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്. സ്ഥാപിച്ചവ പരിപാലിക്കാതെ പുതുതായി എല്ലാ വാർഡുകളിലും ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്ന തിരക്കിലാണ് അധികൃതർ.
മാസത്തിൽ ഫീസ് ഈടാക്കി വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ഹരിതസേന ശേഖരിക്കുന്നുണ്ടെങ്കിലും പഞ്ചായത്ത് സ്ഥാപിച്ച ബോട്ടിൽ ബുത്തുകളിലെ പ്ലാസ്റ്റിക് ഇവർ നീക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.