പനമരം: പഞ്ചായത്ത് 11ാം വാർഡ് കീഞ്ഞ് കടവിലെ അജൈവ മാലിന്യങ്ങൾ സൂക്ഷിക്കുന്ന മാലിന്യകേന്ദ്രത്തിൽ വീണ്ടും തീ പിടിത്തം. ശനിയാഴ്ച പുലർച്ച 12.30നാണ് തീപിടിത്തമുണ്ടായത്.
തൊട്ടടുത്തുള്ള താമസക്കാരെല്ലാം ഉറങ്ങിയ സമയത്താണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് കത്തുന്ന ശബ്ദവും പുകച്ചുരുളുമാണ് മാലിന്യ കേന്ദ്രത്തിന് തീപിടിച്ചെന്നു നാട്ടുകാർ മനസ്സിലാക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലും മാലിന്യ കേന്ദ്രത്തിന് തീ പിടിച്ചിരുന്നു. ഈ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തുകയോ ആവശ്യമായ നടപടി സ്വീകരിക്കുകയോ ചെയ്യാത്തതാണ് വീണ്ടും ഇത്തരത്തിൽ തീപിടിക്കാനുള്ള കാരണമെന്നു നാട്ടുകാർ പറയുന്നു. തീ പിടിച്ച് കുറഞ്ഞ സമയത്തിനകം തീ പടർന്നു പ്രദേശം മുഴുവൻ പുക പടലം സൃഷ്ടിച്ചു. ചാക്കുകളിൽ സൂക്ഷിച്ച പ്ലാസ്റ്റിക്ക് മാലിന്യം കത്തിത്തുടങ്ങിയതോടെ ആളി പടർന്നു. കഴിഞ്ഞ ഒരു വർഷമായി നാട്ടുകാരും പഞ്ചായത്ത് അധികൃതരും തമ്മിൽ മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് തർക്കത്തിലാണ്.
മാർച്ച് 31നകം കീഞ്ഞ് കടവിൽ നിന്നു മാലിന്യ കേന്ദ്രം മാറ്റി മറ്റൊരു സ്ഥലത്ത് സ്ഥാപിക്കുമെന്ന് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ നാട്ടുകാർക്ക് ഉറപ്പ് കൊടുത്തിരുന്നു. ഉറപ്പ് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ശക്തമായ പ്രതിഷേധത്തിലായിരുന്നു നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.