പനമരം: നെൽകൃഷിക്ക് കാലാവസ്ഥ അനുകൂലമായത് കൃഷിക്കാരിൽ ആഹ്ലാദം നിറച്ചു. കഴിഞ്ഞവർഷം കാലവർഷം ചതിച്ചത് കാരണം വിളവെടുപ്പ് മോശമായിരുന്നു. കർക്കടക പാതി മുതൽ മഴ കുറഞ്ഞതാണ് വിളവെടുപ്പിനെ അന്നു ബാധിച്ചത്. കഴിഞ്ഞ നാലു സീസണുകളിൽ നെൽകൃഷിക്ക് കാലാവസ്ഥ താളം തെറ്റിയത് കാരണം പാട്ട കൃഷിക്കാർക്ക് ഉൾപ്പെടെ നഷ്ടത്തിന്റെ കണക്കാണ് പറയാനുള്ളത്. നെൽകൃഷിക്ക് സബ്സിഡി നൽകിയിരുന്നതും നിർത്തലാക്കി. അതോടെ പലരും രംഗം വിട്ടു.
ഇത്തവണ നെൽകൃഷിക്ക് കാലാവസ്ഥ അനുകൂലമാണെന്നാണ് കർഷകർ പറയുന്നത്. നാട്ടിജോലികൾ കഴിയുന്നതു വരെ പാടത്ത് വെള്ളം കെട്ടിനിൽക്കണം. മഴ പെയ്യാതെ വെയിൽ വന്നാൽ വയലിലെ വെള്ളം വറ്റും. അതോടെ ഞാറ് പറിക്കലും നടലും പ്രതിസന്ധിയിലാകും. കഴിഞ്ഞ വർഷം പലരും പുഴയിൽനിന്ന് വെള്ളം ശേഖരിച്ചാണ് കൃഷിപ്പണി പൂർത്തിയാക്കിയത്. ഇത്തവണ രാത്രിയും പകലും ഇടവിട്ട് മഴ ലഭിക്കുന്നത് കാരണം വയലിൽ വെള്ളത്തിന് കുറവ് അനുഭവപ്പെട്ടിട്ടില്ല.
നെൽകൃഷിക്ക് അന്തർ സംസ്ഥാന തൊഴിലാളികൾ എത്തിയതും കർഷകർക്ക് ആശ്വാസമായിട്ടുണ്ട്. സീസൺ സമയത്ത് തൊഴിലാളികളെ കിട്ടാത്ത സാഹചര്യമുണ്ടായിരുന്നു. അന്തർ സംസ്ഥാന തൊഴിലാളികൾ എത്തിയതോടെ കൃഷിപ്പണി നേരത്തേ തീർക്കാനാകുമെന്നാണ് കർഷകർ പറയുന്നത്. വയനാട്ടിലെ നെൽകൃഷി ആദിവാസി സമൂഹത്തിന്റെ കുത്തകയായിരുന്നു. എല്ലാ തൊഴിൽരംഗത്തുമെന്നപോലെ നെൽകൃഷിയിലും ആളുകൾ കുറഞ്ഞു. കഴിഞ്ഞ നാലഞ്ചു വർഷമായി അന്തർ സംസ്ഥാന തൊഴിലാളികൾ മേഖലയിൽ സജീവമായിട്ടുണ്ട്. ഇത്തവണ സ്ത്രീ തൊഴിലാളികളും നാട്ടിപ്പണിക്ക് എത്തിയിട്ടുണ്ട്. പലരും ഞാറുപറിക്കലും നടലും ഏക്കറിന് 4500 മൂതൽ 5000 രൂപ തോതിൽ കരാർ ജോലിയായാണ് എടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.