തരുവണ: വയനാടൻ തോട്ടങ്ങളിൽനിന്ന് പനകൾ ഏതാണ്ട് പൂർണമായി അപ്രത്യക്ഷമാവുമ്പോൾ തരുവണയങ്ങാടിയിൽ പനങ്കുരു വിപണി സജീവമായിരിക്കുന്നത് കൗതുകമാവുന്നു. വർഷങ്ങൾക്കു മുമ്പുവരെ പനയുടെ ആവശ്യം വയനാട്ടുകാർക്ക് വിലപ്പെട്ടതായിരുന്നു.
പനങ്കുല ചെത്തി പനം കള്ള് ഉൽപാദിപ്പിക്കുന്നതിന് പുറമേ പനംകുലക്കണ്ണികൾ തീയിലിട്ട് വാട്ടിയെടുത്ത്, ചൂടിക്കയറിനു പകരം വീടിന്റെയും കാലിത്തൊഴുത്തിന്റെയും മേൽപ്പുരകൾ കെട്ടി ഉറപ്പിക്കുന്നതിന് വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു. പനം പാത്തികൾ വിരിച്ചായിരുന്നു പണ്ട് കാലിത്തൊഴുത്തിന്റെ തറ ഒരുക്കിയിരുന്നത്. മൂപ്പെത്തിയ പനയുടെ ചുവടുഭാഗം പൊട്ടിച്ചെടുത്ത്, ഉലക്കയും കൈക്കോട്ടിന്റെ പിടിയും മഴുപ്പിടിയും ഇപ്പോഴും നിർമിക്കുന്നുണ്ട്.
എന്നാൽ, ആർക്കും വേണ്ടാതിരുന്ന വെരുകിനത്തിൽപ്പെട്ട ജീവികൾ ചവച്ചു തുപ്പിയിരുന്ന പനംകായ ഇന്ന് വാണിജ്യ വസ്തുവായി മാറിയിരിക്കുന്നു. കുലയടക്കം പനം കുരുവിന് കിലോക്ക് 17 രൂപക്കാണ് വ്യാപാരികൾ എടുക്കുന്നത്.
ഒരു പനംകുലക്ക് ഏതാണ്ട് മൂവായിരം രൂപയിലധികം വില ലഭിക്കും. പനയുടെ ചുവട്ടിൽ വെരുകുകൾ ചവച്ചു തുപ്പിയിരുന്ന കുരുവിനും കിലോക്ക് 40 രൂപ വരെ കിട്ടുമെന്ന് പറയപ്പെടുന്നു.
സംസ്കരിച്ച പനങ്കുരുവിന്റെ വില വ്യാപാരികൾക്കല്ലാതെ മറ്റാർക്കും അറിയില്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് പനംകുരു കയറ്റിപ്പോകുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.
വയനാട്ടിൽ പനകൾ സുലഭം അല്ലാത്ത സാഹചര്യത്തിൽ, കർണാടകയിലെ കുടകിൽ നിന്നുവരെ തരുവണയിലേക്ക് പനങ്കുലകൾ എത്തുന്നുണ്ട്. അതിഥി തൊഴിലാളികൾ ഉൾപ്പെടെ പലർക്കും തൊഴിൽ മേഖല കൂടിയായിരിക്കുകയാണ് തരുവണയിലെ പനങ്കുരു വിപണി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.