പുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ വന്യജീവി ശല്യത്തിന് പരിഹാരം കണ്ടെത്തുന്നതിന് പെരിക്കല്ലൂർ മുതൽ വണ്ടിക്കടവ് വരെ സ്ഥാപിച്ച തൂക്കുവേലിയിൽ വൈദ്യുതി പ്രവാഹം പലപ്പോഴും നിലക്കുന്നതായി പരാതി. ഇതിനാൽ തന്നെ തൂക്കുവേലികൾകൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്നാണ് പരാതി.
തൂക്കുവേലി കടന്നുപോകുന്ന ഭാഗങ്ങളിൽ കാട്ടുചെടികൾ പടർന്നുകയറിയും മറ്റുമാണ് വൈദ്യുതി പ്രവാഹം നിലക്കുന്നത്. കർണാടക വനത്തിൽ നിന്നിറങ്ങുന്ന കാട്ടാനകളും മറ്റും കബനി നദിയും കന്നാരം പുഴയും കടന്ന് വയനാട് അതിർത്തി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വൻ നാശമാണ് നിത്യവും ഉണ്ടാക്കുന്നത്. ഇതിന് പരിഹാരമായാണ് അതിർത്തിയിൽ തൂക്ക് ഫെൻസിങ് സ്ഥാപിച്ചത്. 70 ലക്ഷം രൂപ ചെലവിലാണ് ഇത്തരം തൂക്കുവേലികൾ നിർമിച്ചത്.
ഏതാനും മാസം മുമ്പ് മരക്കടവിലും കൊളവള്ളിയിലുമടക്കം ആനകൾ പുതുതായി സ്ഥാപിച്ച തൂക്കുവേലികൾ തകർത്തിരുന്നു. തൂക്കുവേലിയിലൂടെയുള്ള വൈദ്യുതി പ്രവാഹം കുറയുന്നതാണ് ആനകൾ ഇവ തകർക്കാൻ പ്രധാന കാരണം. ആളൊഴിഞ്ഞ
സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന വേലികളിലേക്ക് കടന്നുപിടിക്കുന്ന കാട്ടുപൊന്തകൾ നശിപ്പിക്കാൻ ചില സ്ഥലം ഉടമകൾ തയാറാകാത്തതും വേലികളിലെ വൈദ്യുത പ്രവാഹം നിലക്കുന്നതിന് കാരണണമാകുന്നുണ്ട്. ഇതുമൂലം ഗുണം ഭൂരിഭാഗം ആളുകൾക്കും ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.