പുൽപള്ളി: സംസ്ഥാനത്തിന് ലഭിക്കേണ്ട 57,000 കോടി രൂപ കേന്ദ്രം നൽകാത്തത് കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെയടക്കം ബാധിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുൽപള്ളിയിൽ നവീകരിച്ച സി.പി.എം ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വ അജണ്ടക്കാണ് ബി.ജെ.പി ശ്രമിക്കുന്നത്. മതനിരപേക്ഷത ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപിക്കണം. മണിപ്പൂർ വിഷയത്തിൽ കേന്ദ്രത്തിന്റെ തെറ്റായ നിലപാട് രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ യശസ്സിന് കളങ്കം വരുത്തി. ആർ.എസ്.എസിന്റെ നിലപാടിനനുസരിച്ചാണ് കേന്ദ്രം ഭരണം നടത്തുന്നത്.
ഇത്തവണത്തെ സെൻസസ് നടത്താത്തതിന്റെ പിന്നിലും അജണ്ടകളുണ്ട്. വനിത സംവരണം അടക്കം അട്ടിമറിക്കാനാണ് നീക്കം. കുത്തകകളെ സഹായിക്കുന്ന നിലപാട് സാമ്പത്തിക വളർച്ചയെ താളംതെറ്റിക്കുന്നു.
അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുടെ ഐക്യം ത്തോടെ മാത്രമേ ബി.ജെ.പി ഭരണം ഇല്ലാതാക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി പി. ഗഗാറിൻ, പി.വി. സഹദേവൻ, കെ. റഫീഖ്, പി.വി. ബേബി, എം.എസ്. സുരേഷ് ബാബു, രുഗ്മിണി സുബ്രണ്യൻ എന്നിവർ സംസാരിച്ചു. പൊതുയോഗത്തിന് മുന്നോടിയായി റെഡ് വാളന്റിയർ മാർച്ചും പ്രവർത്തകരുടെ റാലിയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.