പുൽപള്ളി: മരിയനാട്ടെ ഭൂസമരം ഒരു വർഷം പിന്നിടുമ്പോഴും വെയിലും മഴയും തണുപ്പും വകവെക്കാതെ സമരത്തിലുറച്ച് ആദിവാസി കുടുംബങ്ങൾ. ഗോത്രമഹാസഭയുടെയും മറ്റും നേതൃത്വത്തിൽ നടത്തുന്ന ഭൂസമരം ആരംഭിച്ചിട്ട് വർഷം ഒന്നു കഴിഞ്ഞിട്ടും ഭൂമി പതിച്ചുകൊടുക്കുന്ന കാര്യത്തിൽ സർക്കാറിന്റെ ഭാഗത്തുനിന്നും തീരുമാനമൊന്നുമായിട്ടില്ല. ഇതിൽ പ്രതിഷേധം കനക്കുകയാണ്.
മരിയനാട് എസ്റ്റേറ്റിലാണ് 250ൽപരം കുടുംബങ്ങൾ കുടിൽകെട്ടി സമരം നടത്തുന്നത്. ഭൂരഹിതരായ കുടുംബങ്ങൾ കടുത്ത വന്യമൃഗ ശല്യം, പ്രതികൂല കാലാവസ്ഥകൾ എന്നിവ അതിജീവിച്ചാണ് ഇവിടെ തങ്ങുന്നത്. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. രണ്ടു വർഷം മുമ്പ് ഭൂരഹിതരായ പട്ടിക വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിനായി മാറ്റിവെച്ച സ്ഥലമാണിത്. എന്നാൽ, ഇതുവരെയാർക്കും പതിച്ചുകൊടുത്തിട്ടില്ല. ഭൂമിക്കുവേണ്ടിയുള്ള സമരം ശക്തമായി തുടരുമ്പോഴും അധികൃതർ യോഗ്യതയുള്ളവർക്ക് ഭൂമി പകുത്തുനൽകാൻ നടപടിയെടുത്തിട്ടില്ല. വനവികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 235 ഏക്കർ എസ്റ്റേറ്റിലാണ് കഴിഞ്ഞ വർഷം മേയ് മുതൽ കുടിൽകെട്ടി സമരം ആരംഭിച്ചത്. ഇരുളം ഭൂസമര സമിതി, ആദിവാസി ഗോത്ര മഹാസഭ എന്നിവയുടെ നേതൃത്വത്തിലാണ് സമരം. മുത്തങ്ങ സമരത്തിലടക്കം പങ്കെടുത്തവർക്ക് അർഹമായ ഭൂമി പതിച്ചുനൽകുമെന്ന് മുമ്പ് ഉറപ്പുനൽകിയിരുന്നു. ഈ ഉറപ്പ് പാലിക്കപ്പെടാത്തതിനെതുടർന്നാണ് വീണ്ടും ആദിവാസി കുടുംബങ്ങൾ സമരരംഗത്തേക്കെത്തിയത്. കുടിവെള്ളവും പ്രാഥമിക ആവശ്യങ്ങളും നിറവേറ്റാനുള്ള സംവിധാനങ്ങളോ സമര ഭൂമിയിലില്ല. താൽകാലികമായി ഉണ്ടാക്കിയ ഷെഡുകളിലാണ് ഇവർ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.