പുൽപള്ളി: പുൽപള്ളി പഞ്ചായത്തിലെ ആടിക്കൊല്ലിയിലുള്ള ആയുർവേദ ഡിസ്പെൻസറി ആശുപത്രിയാക്കി ഉയർത്താനുള്ള നടപടികൾ വൈകുന്നു. എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും സർക്കാർ തലത്തിൽ ആശുപത്രിയാക്കി ഉയർത്താനുള്ള തീരുമാനം ഉണ്ടായിട്ടില്ല.
പുൽപള്ളിയിലും മുള്ളൻകൊല്ലിയിലും ആയുർവേദ ഡിസ്പെൻസറികളാണുള്ളത്. ഇവിടെനിന്ന് കിടത്തി ചികിത്സ ആവശ്യമുള്ള രോഗികൾ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ പോകേണ്ട അവസ്ഥയാണ്. മുൻ എം. പി. കെ. മുരളീധരന്റെ എം.പി ഫണ്ട് ഉപയോഗപ്പെടുത്തി 2000 ത്തിലാണ് ആശുപത്രിക്കായി കെട്ടിടം നിർമിച്ചത്. 22 വർഷങ്ങൾ പൂർത്തിയായിട്ടും ഇന്നും ഇവിടം ഡിസ്പെൻസറിയായി തുടരുകയാണ്.
നിത്യേന നൂറിലേറെ രോഗികൾ ചികിത്സ തേടി എത്താറുണ്ട്. ആവശ്യത്തിന് മരുന്നുകളും ജീവനക്കാരും ഇവിടെയുണ്ട്. കെട്ടിടത്തിന്റെ മുകൾനില വെറുതെ കിടക്കുകയാണ്. ഇവിടെ കിടത്തി ചികിത്സ ആരംഭിക്കാവുന്നതാണ്. കൂടുതൽ ജീവനക്കാരെ നിയമിക്കുമ്പോൾ ചെലവുകൾ വർധിക്കുമെന്ന് പറഞ്ഞാണ് ആശുപത്രിയായി ഉയർത്താത്തതെന്നും പറയപ്പെടുന്നു.
പുൽപള്ളി ടൗണിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് ആടിക്കൊല്ലി ആശുപത്രി. ഈ ആശുപത്രിക്ക് കീഴിൽ ഒരു സബ് സെന്റർ പുൽപള്ളി ടൗണിൽ ആരംഭിക്കുമെന്ന് മുമ്പ് പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.