പുൽപള്ളി: ജില്ലയിൽ പലയിടത്തും വരൾച്ച രൂക്ഷമാകുന്നു. പുൽപള്ളി, മുള്ളൻകൊല്ലി മേഖലകളിൽ കാർഷിക മേഖല വരണ്ടുണങ്ങി. കുരുമുളകും കാപ്പിയും ഉൾപ്പെടെയുള്ള കാർഷിക വിളകൾ കരിഞ്ഞുണങ്ങാൻ തുടങ്ങി. ശക്തമായ വേനൽ മഴ ലഭിച്ചില്ലെങ്കിൽ കൃഷി നശിക്കുമെന്ന അവസ്ഥയായി. കാർഷിക മേഖലയായ മുള്ളൻകൊല്ലി പഞ്ചായത്തിലെ കബനിഗിരി, സീതാമൗണ്ട് പ്രദേശങ്ങളിൽ തനിവിളയായി കുരുമുളക് കൃഷിചെയ്യുന്ന കർഷകർ ഏറെയാണ്. ഈ കൃഷിയാണ് കരിഞ്ഞുണങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനകം നിരവധി തോട്ടങ്ങളിലെ കുരുമുളക് കൃഷി നശിച്ചു.
നാലും അഞ്ചും വർഷം പ്രായമുള്ള കായ്ഫലം നൽകുന്ന കുരുമുളക് ചെടികളാണ് നശിക്കുന്നത്. ഈ പ്രദേശത്ത് വർഷകാലത്തും മഴ തീരെ ലഭിച്ചിരുന്നില്ല. ജലസേചന സൗകര്യങ്ങൾ പ്രദേശത്തില്ല. അതിനാൽ കൃഷി സംരക്ഷിക്കാനും പറ്റാത്ത സാഹചര്യമാണ്. ജലാശയങ്ങളെല്ലാം വറ്റി. കബനി നദിയിൽ പാറക്കെട്ടുകൾ നിറഞ്ഞു. കബനി തീരത്തെ കൃഷിയിടങ്ങൾ ആകെ വിണ്ടുകീറിയ നിലയിലാണ്. നെൽകൃഷിയിറക്കിയ കർഷകരും വെള്ളമില്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണ്. ജലസേചന പദ്ധതികളിൽ നിന്നും വെള്ളം കുറഞ്ഞ അളവിൽ ലഭിക്കുന്നതു കാരണം കൃഷി സംരക്ഷിക്കാൻ കർഷകർ പാടുപെടുകയാണ്. വേനൽ ഇനിയും കനത്താൽ കാർഷിക വിളകൾ ഇനിയും വ്യാപകമായി നശിക്കും. ക്ഷീര മേഖലയിലെ കർഷകരും വെള്ളത്തിന്റെ കുറവ് കാരണം ബുദ്ധിമുട്ടുകയാണ്.
സാധാരണ കിണറുകൾ ഭൂരിഭാഗവും വറ്റി. കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടുമ്പോൾ കൃഷി സംരക്ഷിക്കാൻ കർഷകർക്ക് സാധിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.